Kerala
കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ നിക്ഷേപത്തിന്‍റെ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി: ഗുരുതര ആരോപണവുമായി കെ.ടി ജലീല്‍
Kerala

'കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ നിക്ഷേപത്തിന്‍റെ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി': ഗുരുതര ആരോപണവുമായി കെ.ടി ജലീല്‍

Web Desk
|
3 Oct 2021 4:53 AM GMT

എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് ജലീല്‍

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ച് കെ.ടി.ജലീല്‍. മീഡിയവണ്‍ ചീഫ് എഡിറ്റര്‍ പ്രമോദ് രാമനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജലീലിന്‍റെ ആരോപണം.

എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നായിരുന്നു ജലീലിന്‍റെ ഗുരുതരമായ ആരോപണം. തന്‍റെ പേരില്‍ താനറിയാതെ രണ്ടുകോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നുപോയതെന്നും ജലീല്‍ പറഞ്ഞു. തനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തന്‍റെ പേര് ഉള്‍പ്പെട്ടതില്‍ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായിരുന്നെന്നും അതാണ് അദ്ദേഹത്തിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും ജലീല്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് അബ്ദുല്‍ ഖാദര്‍ മൗലവി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുന്നത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂർ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ മൗലവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഐസ് ക്രീം പാര്‍ലര്‍ കേസില്‍ സംഭവിച്ചതുപോലെ എ.ആര്‍.നഗര്‍ ബാങ്ക് കേസിലും ദുരൂഹമരണങ്ങള്‍ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നതായും ജലീല്‍ വ്യക്തമാക്കി. മീഡിയ വണ്‍ 'എഡിറ്റോറിയല്‍' അഭിമുഖത്തിലാണ് രാഷ്ട്രീയ കേരളത്തില്‍ കോളിളക്കമുണ്ടാകാന്‍ സാധ്യതയുള്ള ജലീലിന്‍റെ ആരോപണങ്ങള്‍.

അരനൂറ്റാണ്ട്​ നീണ്ട പൊതു​പ്രവർത്തനത്തിൽ രാഷ്​ട്രീയത്തിനും ​സമുദായത്തിനും അതീതമായ സ്വീകാര്യത നേടിയ വ്യക്​തിയാണ്​ അബ്​ദുൽ ഖാദർ മൗലവി. 1960കളില്‍ മുസ്​ലിം ലീഗ് അലവില്‍ ശാഖാ പ്രസിഡൻറായാണ്​ രാഷ്​ട്രീയ പ്രവേശം. അവിഭക്ത കണ്ണൂര്‍ ജില്ല എം.എസ്.എഫ് വൈസ് പ്രസിഡൻറ്​, യൂത്ത് ലീഗ് കണ്ണൂര്‍ താലൂക്ക് പ്രസിഡൻറ്​, മുസ്​ലിം ലീഗ്​ ജില്ല ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ല സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ്​, 1975 മുതല്‍ മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

Similar Posts