കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൊടി സുനിക്ക് ബന്ധമെന്ന് സൂചന
|കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം അഷ്റഫിന്റെ ഫോണില്‍ നിന്നും കണ്ടെത്തി.
കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം കൊടി സുനിയിലേക്ക് നീങ്ങുന്നു. അഷ്റഫ് കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുത്തത് കണ്ണൂരില്‍ നിന്നുള്ള സംഘമാണ്. കണ്ണൂര്‍ സംഘത്തിന് കൊടി സുനിയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം അഷ്റഫിന്റെ ഫോണില്‍ നിന്നും കണ്ടെത്തി.
സ്വര്‍ണം തട്ടിയത് തന്റെ ആളുകളാണെന്നാണ് കൊടി സുനിയുടെ ശബ്ദ സന്ദേശം. മെയ് 26ാം തീയതി കരിപ്പൂരിലെത്തിയ അഷ്റഫിന്റെ കയ്യിലുണ്ടായിരുന്ന രണ്ടു കിലോ സ്വര്‍ണം കൊടുവളളി സംഘത്തിനുള്ളതായിരുന്നു. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള സംഘം നാദാപുരം ഭാഗത്തേക്ക് അഷ്റഫിനെ കൊണ്ടുപോവുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്ത്, പ്രതിഫലമായി പത്തുലക്ഷം രൂപ അഷ്റഫിന് നല്‍കിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പണവുമായി തിരിച്ച് വീട്ടിലെത്തിയതിനു പിന്നാലെ കൊടുവള്ളി സംഘം അഷ്റഫിനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണമോ മതിയായ തുകയോ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. എന്നാല്‍ അഷ്റഫ് കണ്ണൂര്‍ സംഘവുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനു മറുപടിയാണ് കൊടി സുനിയുടെ ശബ്ദ സന്ദേശം. ഇതിന്റെ ആധികാരികതയാണ് ഇനി പരിശോധിക്കേണ്ടത്.
അതേസമയം, സ്വർണം കൊണ്ടുവരുന്ന കാരിയറാണ് താനെന്ന് അഷ്റഫ് പൊലീസിനോട് സമ്മതിച്ചിരുന്നു. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊടുവള്ളി സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സെയ്ഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. അഷ്റഫിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദനത്തിന് ശേഷം കുന്നമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു.