വിമാന യാത്രാ നിരക്ക് വർധനയില്‍ ഇടപെടാനാകില്ലെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ പ്രവാസികള്‍
|എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പ് കേന്ദ്ര സർക്കാരിന് ഇടപെടാന്‍ അധികാരം നല്കുമെന്നുണ്ടെന്ന് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു
കോഴിക്കോട്: വിമാന യാത്രാ നിരക്ക് വർധനയില്‍ ഇടപെടാനാകില്ലെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ പ്രവാസികള്‍. എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പ് കേന്ദ്ര സർക്കാരിന് ഇടപെടാന്‍ അധികാരം നല്‍കുന്നുണ്ടെന്ന് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് മേഖലയിലേക്കുള്ള അമിതമായ വിമാനയാത്രാ നിരക്കിനെതിരെ കൂടുതല്‍ പ്രവാസി സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പാണ് വിമാന യാത്ര നിരക്കിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. വിമാനയാത്രക്കാവശ്യമായ ചിലവും മിതമായും ലാഭവും കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കണമെന്നാണ് 135 -ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് പറയുന്നത്. നിരക്ക് നിശ്ചയച്ചത് അമിതമാണെന്ന് ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ബോധ്യപ്പെട്ടാല്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നാണ് 135 -ാം വകുപ്പിലെ നാലും അഞ്ചും ഉപവകുപ്പ് പറയുന്നത്
വിമാനയാത്രാ നിരക്കില്‍ കേന്ദ്ര സർക്കാരിന് ഇടപെടാന്‍ മതിയായ അധികാരമുണ്ടായിരിക്കെ ഹൈക്കോടതിയില്‍ വന്ന കേസില്‍ കേന്ദ്ര സർക്കാർ കൈയ്യൊഴിയാന്‍ ശ്രമിച്ചത് ശരിയായില്ലെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ പറയുന്നു. വിമാന യാത്ര നിരക്ക് വിഷയത്തില്‍ കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് കേരള പ്രവാസി അസോസിയേഷനോട് സുപ്രിം കോടതിയെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വൈകാതെ ഹൈക്കോടതിയെ സമീപിക്കുമെന്നും കേരള പ്രവാസി അസോ. ദേശീയ ചെയർമനായ രാജേന്ദ്രന് വെള്ളപ്പാലത്ത് പറഞ്ഞു.