Kerala
jayakumar, death, dubai

ജയകുമാർ

Kerala

കുടുംബം ഏറ്റെടുത്തില്ല; ദുബൈയിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സുഹൃത്തുക്കള്‍ സംസ്‌കരിക്കും

Web Desk
|
26 May 2023 10:10 AM GMT

ജയകുമാറിന്റെ സുഹൃത്ത് സബിയക്ക് ഏറ്റുമാനൂർ പൊലീസ് മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതി നൽകി

കൊച്ചി: ദുബൈയിൽ മരിച്ച ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സുഹൃത്തുക്കള്‍ സംസ്‌കരിക്കും. മൃതദേഹം ഏറ്റുവാങ്ങിയ ജയകുമാറിന്റെ സുഹൃത്ത് സബിയക്ക് ഏറ്റുമാനൂർ പൊലീസ് മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതി നൽകി. കുടുംബം മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അഞ്ച് മണിക്കൂറാണ് സുഹൃത്തുക്കൾ മൃതദേഹവുമായി ആലുവ പൊലീസ് സ്റ്റേഷന് മുൻപിൽ കാത്തിരുന്നത്.

ഏഴ് ദിവസം മുമ്പാണ് ദുബൈയില്‍ വെച്ച് ജയകുമാർ മരിക്കുന്നത്. അധികം ദിവസം മൃതദേഹം ദുബൈയിൽ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചാല്‍ വിളിച്ചറിയിച്ചാൽ മതിയെന്ന് കുടുംബം അറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. എന്നാല്‍ ഇന്ന് പുലർച്ചെ മുന്ന് മണിക്ക് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ കുടുംബം എത്തിയില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാത്രമല്ല മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാൽ മതിയെന്നായിരുന്നു കുടുംബത്തിന്‍റെ പ്രതികരണം.

തുടർന്ന് ജയകുമാറിന്‍റെ സുഹൃത്തായ സബിയ എന്ന പെൺകുട്ടി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഇവർ കുടുംബത്തെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന് സബിയ പറഞ്ഞു. കുടുംബം മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ആലുവ പൊലീസ് സ്റ്റേഷന് മുൻപിൽ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും മരിച്ച പ്രവാസി ഏറ്റുമാനൂർ സ്വദേശി ആയതിനാൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് ആലുവ പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമാനൂർ പൊലീസിനെ സമീപിച്ചത്.

ജയകുമാർ നാല് വർഷമായി കുടുംബവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും അതിനാലാണ് മൃതദേഹം ഏറ്റെടുക്കാതിരുന്നതെന്നുമാണ് കുടുംബത്തിന്‍റെ പ്രതികരണം.

Related Tags :
Similar Posts