Kerala
Expected to be hanged, not satisfied with the verdict: Mother of murdered Suryagayatri
Kerala

'തൂക്കുകയറാണ് പ്രതീക്ഷിച്ചത്, വിധിയില്‍ തൃപ്തിയില്ല'; കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ

Web Desk
|
31 March 2023 11:50 AM GMT

വിവാഹഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ മുന്നിലിട്ട് സൂര്യഗായത്രിയെന്ന യുവതിയെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്

തിരുവനന്തപുരം: സൂര്യഗായത്രി കൊലപാതകക്കേസിൽ തൂക്കുകയറാണ് പ്രതീക്ഷിച്ചതെന്ന് കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ വൽസല. വിധിയിൽ തൃപ്തിയില്ലെന്നും വത്സല വ്യക്തമാക്കി. അൽപ്പം മുമ്പാണ് നെടുമങ്ങാട് കേസിൽ പ്രതി അരുണിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതിക്ക് അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

വിവാഹഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ മുന്നിലിട്ട് സൂര്യഗായത്രിയെന്ന യുവതിയെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ആഗസ്തിലാണ് സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നത്. അന്ന് യുവതിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. കൊലപാതകം, കൊലപാതകശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

സൂര്യഗായത്രിയോട് പല തവണ അരുൺ വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും വീട്ടുകാർ എതിർത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞു. എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോകാതെ വരികയും സൂര്യഗായത്രി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. ഇതിനിടയിലാണ് അരുൺ ഈ വീട്ടിലേക്ക് എത്തുന്നതും യുവതിയെ കുത്തിക്കൊലപ്പടുത്തുന്നതും.


33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണം നടത്താൻ ശ്രമിച്ചത് സൂര്യഗായത്രിയാണെന്നും അത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തി മരിക്കുകയാണ് എന്നുമായിരുന്നു പ്രതിഭാഗത്തിൻറെ വാദം. 33 തവണ ശരീരത്തിൽ കുത്താൻ സ്വയം സാധിക്കില്ലെന്നും അതിനാൽ തന്നെ അരുൺ കുറ്റക്കാരനെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Similar Posts