അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി വിദഗ്ധ സമിതി രൂപീകരിച്ചു
|ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരടങ്ങുന്നതാണ് വിദഗ്ധ സംഘം
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി വിദഗ്ധ സമിതി രൂപീകരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരടങ്ങുന്നതാണ് വിദഗ്ധ സംഘം. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണുള്ളത്. മൂന്നിയൂരിലെ പുഴയില്‍ നിന്നാണ് രോഗ ബാധയേറ്റതെന്നാണ് സംശയം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്നാണ് വിവരം. ആറ് മരുന്നായിരുന്നി ചികിത്സയ്ക്കായി വേണ്ടിയിരുന്നത്. അതില്‍ ഒരു മരുന്ന് ഇന്ത്യയില്‍ ലഭ്യമല്ല. എന്നാല്‍ അത് വിദേശത്ത് നിന്ന് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
പുഴയില്‍ കുട്ടിയുടെ കൂടെ കുളിച്ചിരുന്ന നാല് പേര്‍ ഇന്നലെ മുതല്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. കൂടാതെ കുട്ടി കുളിച്ച ദിവസം ആ പുഴയില്‍ കുളിച്ച പത്ത് പേര്‍ കൂടെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജാഗ്രത മുന്നില്‍ കണ്ടാണ് ഇവരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.