നോക്കുകൂലി നല്‍കാത്തതിന് മര്‍ദനം; സംഭവത്തില്‍ വിശദീകരണവുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
|കഴിഞ്ഞ ദിവസമാണ് കരാറുകാരനായ മണികണ്ഠനെയും തൊഴിലാളികളെയും നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
തിരുവനന്തപുരം പോത്തൻകോട് നോക്കുകൂലി ആവശ്യപ്പെട്ട് കരാര്‍ തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ നടത്തിയ വിശദീകരണവുമായി വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ്. കരാറുകാരനായ മണികണ്ഠനെ ഭീഷണിപ്പെടുത്തിയിട്ടില്ല. റോഡ് കൈയേറ്റം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും വൈസ് പ്രസിഡന്റ് ജഗന്നാഥ പിള്ള പറഞ്ഞു. അതേ സമയം സംഭവം ഒതുക്കി തീര്‍ക്കാന്‍ വൈസ് പ്രസിഡന്റ് ശ്രമിച്ചെന്ന് കരാറുകാരൻ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കരാറുകാരനായ മണികണ്ഠനെയും തൊഴിലാളികളെയും നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ഇതിന് പിന്നാലെ വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥ പിള്ള തന്നെ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് മണികണ്ഠന് രംഗത്തെത്തി. എന്നാല്‍ റോഡ് കയ്യേറി വീടുപണി നടത്തുന്നു എന്ന നാട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും വീട് നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും ജഗന്നാഥ പിള്ള പറയുന്നു. അതേ സമയം സംഭവം ഒതുക്കി തീർക്കാന്‍ വൈസ് പ്രസിഡന്റ് ശ്രമിച്ചതായും രേഖകളെല്ലാം തന്നെ ഹാജരാക്കാൻ നിർദ്ദേശിച്ചതായും കരാറുകാരൻ പറയുന്നു