Kerala
പാടിക്കോ എന്നാണ് ഞാൻ പറഞ്ഞത്, അത് ​ഗായികയ്ക്കുമറിയാം; ഈരാറ്റുപേട്ട പാട്ട് വിവാദത്തിൽ വിശദീകരണവുമായി വ്യാപാരി നേതാവ്
Kerala

'പാടിക്കോ എന്നാണ് ഞാൻ പറഞ്ഞത്, അത് ​ഗായികയ്ക്കുമറിയാം'; ഈരാറ്റുപേട്ട പാട്ട് വിവാദത്തിൽ വിശദീകരണവുമായി വ്യാപാരി നേതാവ്

Web Desk
|
22 Jan 2023 8:28 AM GMT

'ആ വീഡിയോ മൊത്തം നിങ്ങൾ കാണണം. എന്നിട്ടുമാത്രമേ ഒരാളെ കുറ്റവാളിയാക്കാവൂ'- അൻസാരി വ്യക്തമാക്കി.

ഈരാറ്റുപേട്ട ന​ഗരോത്സവം- വ്യാപാരോത്സവത്തിൽ ​ഗായിക സജ്‌ല സലീമിനോട് അടുത്ത പാട്ട് പാടിയാൽ അടിക്കുമെന്ന് കാണികളിലൊരാൾ പറഞ്ഞെന്നും ​അയാളെ ​ഗായിക വേദിയിലേക്ക് വിളിച്ചുവരുത്തിയെന്നുമുള്ള പ്രചരണത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി നേതാവ്. വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണിറ്റിന്റെ സെക്രട്ടറി പി.എച്ച് അൻസാരിയാണ് വിശദീകരണവുമായി രം​ഗത്തുവന്നത്. ​ഗായികയെ അടിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അൻസാരി വ്യക്തമാക്കി.

ആയിരക്കണക്കിന് പേർ കൂടിയ പരിപാടിയിൽ, കാണികളിൽ നിന്ന് ആരോ അടിക്കുമെന്ന് പറഞ്ഞതായി കേട്ടപ്പോൾ വൈറ്റ് ഷർട്ടിട്ടയാളാണെന്ന് ​ഗായിക പറയുകയും കയറി വാ എന്ന് വിളിച്ചപ്പോൾ, വെള്ള ഷർട്ടിട്ട ഒരുപാട് പേരുണ്ടായ സാഹചര്യത്തിൽ വിഷയം വഷളാക്കേണ്ട എന്ന് കരുതിയാണ് താൻ കയറിപ്പോയതെന്നും അതിനെ മോശമായി ചിത്രീകരിക്കുകയാണെന്നും അൻസാരി പറയുന്നു.

'നിങ്ങളിത് മൈൻഡ് ചെയ്യരുത്, പാടിക്കോ പാടിക്കോ' എന്നാണ് സ്റ്റേജിലേക്ക് കയറിപ്പോയി താൻ ​ഗായികയോട് പറഞ്ഞതെന്നും എന്നാൽ അങ്ങനെ പറയുന്ന മാത്രം ഭാഗമാണ് ഇന്ന് മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും അൻസാരി പറഞ്ഞു. ആ വീഡിയോ മൊത്തം നിങ്ങൾ കാണണം. എന്നിട്ടുമാത്രമേ ഒരാളെ കുറ്റവാളിയാക്കാവൂ.

ഒരു ലക്ഷം രൂപ മുടക്കി തങ്ങൾ നടത്തിയ പരിപാടിയാണ് അന്നത്തേത്. അത് മോശമാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ താൻ കയറുമോ? താൻ ചിരിച്ച മുഖത്തോടെ, പുഞ്ചിരിയോടു കൂടിയാണ് അവരോട് സംസാരിച്ചത്. വളരെ ചിരിച്ചാണ് സംസാരിച്ചത്. എന്നിട്ട്, നിങ്ങൾ പാട് എന്ന് പറഞ്ഞ് ഇറങ്ങിയ ഭാഗവും മറ്റുള്ള ഭാഗവുമൊക്കെയെടുത്താണ് വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നതെന്നും അൻസാരി വ്യക്തമാക്കി.

ഗായികയായ ആ സഹോദരിയോട് തന്റെ ഭാഗത്തുനിന്നും വല്ല വീഴ്ചയും ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും എന്തിനാണ് താൻ വേദിയിലേക്ക് കയറിയതെന്ന് ആ സഹോദരിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതുമാത്രമല്ല, ഈരാറ്റുപേട്ടയെന്ന പ്രദേശത്തെ വളരോ മോശമായ രീതിയിൽ ചിത്രീകരിക്കുകയാണ്. താലിബാൻ എന്ന തീവ്രവാദികളുടെ രാജ്യവുമായി ഈരാറ്റുപേട്ടയെ ബന്ധപ്പെടുത്തി സംസാരിക്കുക എന്നത് ഒരു നാടിനെ മൊത്തം അധിക്ഷേപിക്കലാണ്. ഒരു പരിധിവരെ താൻ മിണ്ടാതിരുന്നതാണ്. എന്നാൽ എനിക്കും കുടുംബത്തിനും എന്നെ സ്‌നേഹിക്കുന്നവർക്കുമുണ്ടായ വേദന വലുതാണെന്നും അതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി അഞ്ച് മുതൽ 15 വരെ ഈരാറ്റുപേട്ടയിൽ നടന്ന ന​ഗരോത്സവം- വ്യാപാരോത്സവത്തിൽ 14നാണ് സജ്ല സലീം, സഹോദരി സജ്ലി സലീം എന്നിവരുടെ ​ഗാനമേള നടന്നത്. ഇതിൽ ഇവരുടെ പാട്ടുകൾ ആളുകൾക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ നിരന്തരം കൈയടി ചോദിച്ച ഗായകനോട് നല്ല പാട്ടുകൾ പാടിയാൽ കൈയടി തരാം എന്ന് ഒരു ആസ്വാദകൻ പറഞ്ഞെന്നും ആ വാക്കിനെ തെറ്റിദ്ധരിച്ചാണ് സജ്ല വേദിയിൽ പ്രകോപിതയായതെന്നുമാണ് സംഘാടക സമിതി നേരത്തെ വിശദീകരിച്ചത്.

അൻസാരിയുടെ വിശ​ദീകരണത്തിന്റെ പൂർണരൂപം

നഗരോത്സവവുമായി ബന്ധപ്പെട്ട് തന്നെ മാനസികമായി വേദനപ്പിക്കുന്ന ഒരുപാട് വിഷയങ്ങൾ ചാനലുകളിലൂടെ കാണുകയുണ്ടായി. വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണിറ്റിന്റെ സെക്രട്ടറിയാണ് താൻ. വളരെ ഉത്തരവാദിത്തപ്പെട്ടൊരു ആളാണ്. അതിനാൽ ആ പരിപാടി വിജയിപ്പിക്കുക എന്നത് ഞാനുൾപ്പെടെയുള്ള വ്യാപാരികളുടെ ആവശ്യമാണ്.

ഞാൻ പുറത്ത് നിൽക്കുമ്പോൾ, ആയിരക്കണക്കിന് പേർ കൂടിയ പരിപാടിയാണ്, അതിൽ ആരിൽ നിന്നോ അടിക്കും എന്നൊരു സംസാരം വന്നപ്പോൾ ഗാനമേളയ്ക്കിടെ ഗായിക വന്നിട്ട് ആരാണ് അടിക്കുന്നതെന്ന് ചോദിച്ചു. വൈറ്റ് ഷർട്ടിട്ട ആളാണ് അങ്ങനെ പറഞ്ഞതെന്നും കേറി വാ കേറി വാ എന്ന് പറഞ്ഞു. ഒരുപാട് സമയം ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നപ്പോൾ, അന്ന് വ്യാപാരോത്സവത്തിന് മുഴുവൻ വ്യാപാരികളും വൈറ്റ് ഷർട്ടാണ് ഇട്ടിരുന്നത്. പുറത്തുനിന്നൊരാളാണ് ഈ പറഞ്ഞ സംസാരം നടത്തിയത്.

വിഷയം വഷളാകുമെന്ന് കണ്ടപ്പോൾ വേദിയിലേക്ക് ഈ എളിയവൻ കയറിച്ചെന്നു. എന്നിട്ട് ഗായികയോട് 'നിങ്ങളിത് മൈൻഡ് ചെയ്യരുത്, പാടിക്കോ പാടിക്കോ' എന്ന് മാത്രം പറയുന്ന ഭാഗമാണ് ഇന്ന് മോശമായ രീതിയിൽ കാണുന്നത്. ആ വീഡിയോ മൊത്തം നിങ്ങൾ കാണണം. എന്നിട്ടുമാത്രമേ ഒരാളെ കുറ്റവാളിയാക്കാവൂ. കുറ്റവാളിയാക്കുമ്പോൾ ഈ നാടിനും നാട്ടുകാർക്കും ഉണ്ടാക്കുന്ന വേദന...

വ്യാപാരോത്സവത്തിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ഈ ഗാനമേള നിർത്തിയേക്കാൻ പറയുന്നുണ്ട്. അവസാന ഭാഗത്ത് പാട്ട് നിർത്തുകയാണ് എന്നും പറയുന്നുണ്ട്. ഇതെല്ലാം നടന്ന സംഭവമാണ്. ഈ ഗായികയായ സഹോദരിയോട് എന്റെ ഭാഗത്തുനിന്നും വല്ല വീഴ്ചയും ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുകയാണ്. സഹോദരിക്കും അറിയാം. ഞാൻ വേദിയിലേക്ക് എന്തിനാ കയറിയതെന്ന്.

ഒരു ലക്ഷം രൂപ മുടക്കി ഞങ്ങൾ നടത്തിയ പരിപാടിയാണ് അന്നത്തേത്. അത് മോശമാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ ഞാൻ കയറുമോ? ഞാൻ ചിരിച്ച മുഖത്തോടെ, പുഞ്ചിരിയോടു കൂടിയാണ് അവരോട് സംസാരിക്കുന്നത്. വളരെ ചിരിച്ചാണ് സംസാരിക്കുന്നത്. എന്നിട്ടു പറഞ്ഞു- നിങ്ങൾ പാട്, എന്ന് പറഞ്ഞ് ഇറങ്ങിയ ഭാഗവും മറ്റുള്ള ഭാഗവുമൊക്കെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. അതിനുള്ള മറുപടിയാണ് ഞാൻ പറയുന്നത്.

ഈ വീഡിയോ മൊത്തം നിങ്ങൾ കാണണം. അതുമാത്രമല്ല, ഈരാറ്റുപേട്ടയെന്ന പ്രദേശത്തെ വളരോ മോശമായ രീതിയിൽ ചിത്രീകരിക്കുകയാണ്. താലിബാൻ എന്ന തീവ്രവാദികളുടെ രാജ്യവുമായി ഈരാറ്റുപേട്ടയെ ബന്ധപ്പെടുത്തി സംസാരിക്കുക എന്നത് ഒരു നാടിനെ മൊത്തം അധിക്ഷേപിക്കലാണ്. ഒരു പരിധിവരെ താൻ മിണ്ടാതിരുന്നതാണ്. എന്നാൽ എനിക്കും കുടുംബത്തിനും എന്നെ സ്‌നേഹിക്കുന്നവർക്കുമുണ്ടായ വേദന വലുതാണ്- അദ്ദേഹം പറഞ്ഞു.


Similar Posts