Kerala
മട്ടന്നൂരിൽ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവം: സ്ഥാപന ഉടമയെ   ഇന്ന് വിശദമായി ചോദ്യം ചെയ്യും
Kerala

മട്ടന്നൂരിൽ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവം: സ്ഥാപന ഉടമയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

Web Desk
|
7 July 2022 2:30 AM GMT

ഇതര സംസ്ഥാന തൊഴിലാളികൾ ആക്രി സാധനങ്ങളോടൊപ്പം ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകൾ ശേഖരിച്ചുവെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂർ: മട്ടന്നൂരിൽ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചതിൽ ആക്രിക്കച്ചവട സ്ഥാപന ഉടമയെ പൊലീസ് ചോദ്യം ചെയ്യും. സ്‌ഫോടന കാരണം കണ്ടെത്താൻ വിശദമായി അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം. ഇതര സംസ്ഥാന തൊഴിലാളികൾ ആക്രി സാധനങ്ങളോടൊപ്പം ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകൾ ശേഖരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ മട്ടന്നൂരിലെ 19-ാംമൈലിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സ്‌ഫോടനം നടന്നത്. കച്ചവടത്തിനായി ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ അസം സ്വദേശികളായ ഫസൽ ഹഖ്, മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച ആക്രിസാധനങ്ങൾക്കൊപ്പം സ്റ്റീൽ ബോംബുകളും ഉൾപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.

ഒന്നിൽ കൂടുതൽ ബോംബുകൾ പൊട്ടിത്തെറിച്ചെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭ്യമായാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. സമീപ ദിവസങ്ങളിൽ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. എന്നാൽ സംഭവത്തിലെ ദുരൂഹത പൂർണമായും നീങ്ങിയിട്ടില്ല. ആക്രിക്കച്ചവട സ്ഥാപനത്തിൽ മുൻപും അസ്വാഭാവിക സംഭവങ്ങൾ നടന്നിരുന്നതായി പരാതിയുണ്ട് . സ്ഥാപന ഉടമയെ പൊലീസ് ഇന്ന് വിശദമായി ചോദ്യംചെയ്യും. ആക്രിക്കച്ചവട സ്ഥാപനത്തിലെ മറ്റു തൊഴിലാളികളുടെയും മൊഴി രേഖപ്പെടുത്തും. സ്‌ഫോടക വസ്തു സ്ഥലത്ത് എങ്ങനെ എത്തിയതെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Similar Posts