Kerala
സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി? കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
Kerala

സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി? കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Web Desk
|
27 Oct 2022 2:45 AM GMT

പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് പൊലീസ് കത്തയച്ചു

ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ സ്ഫോടനക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്ഫോടന വസ്തുക്കൾ വാങ്ങിയത് ഓൺലൈനായാണോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. വിവരങ്ങൾ തേടി പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് പൊലീസ് കത്തയച്ചു. പൊട്ടാസ്യം, നൈട്രേറ്റ്, സൾഫർ എന്നിവയുടെ വില്പനകളുടെ വിവരങ്ങളാണ് തേടിയത്.

അതേസമയം, കേസ് അന്വേഷണം ഇന്ന് എൻഐഎ ഏറ്റെടുത്തേക്കും. എൻഐഎയിലെ ഉന്നത ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ തുടരുകയാണ്. അന്വേഷണം എൻ ഐ എ ഏറ്റെടുക്കണമെന്ന് ആവശ്യപെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. അഞ്ച് പ്രതികളും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് .

കൊല്ലപ്പെട്ട ജമീഷ മുബീന്റെയും, പിടിയിലായ അഞ്ച് പേരുടെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ് . സ്ഫോടക വസ്തുക്കളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ഇന്ന് ലഭിച്ചേക്കും. വിവിധ മുസ്ലീം സംഘടന പ്രതിനിധികളുമായി കോയമ്പത്തൂർ ജില്ലാ കലക്ടറും , ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി.

ഞായറാഴ്ച പുലർച്ചെയാണ് കോയമ്പത്തൂർ നഗരത്തിലെ ഉക്കടം നഗരത്തിലെ ഉക്കടം കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ പൊട്ടിത്തെറിച്ച് ജമീഷ മുബീൻ എന്ന യുവാവ് മരിച്ചത്. ഗ്യാസിൽ ഓടുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലാവുകയും ഇവർക്കെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ജമീഷ മുബീന്റെ സുഹൃത്തുക്കളായ ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ദൻഹ, മുഹമ്മദ് നിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

Related Tags :
Similar Posts