Kerala
സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ വേണം; മലപ്പുറത്ത് കലക്ടറുടെ നേതൃത്വത്തിൽ വ്യാപക പിരിവ്
Kerala

സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ വേണം; മലപ്പുറത്ത് കലക്ടറുടെ നേതൃത്വത്തിൽ വ്യാപക പിരിവ്

Web Desk
|
6 July 2021 8:21 AM GMT

സർക്കാർ സംവിധാനങ്ങൾക്കായി ജനകീയ പിരിവുകൾ അരങ്ങേറുന്ന വേളയിൽ തന്നെ, ആരോഗ്യമേഖലയിൽ കടുത്ത അവഗണന നേരിടുന്ന ജില്ല കൂടിയാണ് മലപ്പുറം

മലപ്പുറം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വീണ്ടും വ്യാപക പിരിവ്. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിക്കു വേണ്ടിയാണ് കലക്ടറുടെ നേതൃത്വത്തിൽ പിരിവ് അരങ്ങേറുന്നത്. സിനിമാ നടൻ മമ്മൂട്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ചിത്രവും വാർത്തയും കലക്ടർ കെ ഗോപാലകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ഓക്‌സിജൻ ജനറേറ്ററുകൾ, ക്രയോജനിക്ക് ഓക്‌സിജൻ ടാങ്ക്, ഐ.സി.യു ബെഡുകൾ, ഓക്‌സിജൻ കോൺസന്റെറേറ്റർ, ആർ.ടി.പി.സി.ആർ മെഷീൻസ്, മൾട്ടി പാരാമീറ്റർ മോണിറ്റർ, ഡി ടൈപ്പ് ഓക്‌സിജൻ സിലണ്ടറുകൾ, സെന്റെർ ഓക്‌സിജൻ പൈപ്പ് ലൈൻ, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാൻസ്‌പോർട്ടിങ് വാഹനം എന്നിവയാണ് പദ്ധതിക്ക് കീഴിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങൾ.

മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് ജനകീയ പിന്തുണയോടെ പ്രാണവായു പദ്ധതി നടപ്പാക്കുന്നതെന്ന് കലക്ടർ പറയുന്നു. ആദ്യഘട്ടത്തിൽ 20 കോടി രൂപ വില വരുന്ന മെഡിക്കൽ ഉപകരണങ്ങളാണ് ആശുപത്രികളിൽ ലഭ്യമാക്കുന്നത്. എന്നാൽ ഇതിനായി സർക്കാർ എത്ര തുക അനുവദിച്ചിട്ടുണ്ട് എന്നതിനെ കുറിച്ച് കലക്ടർ ഒന്നും പറയുന്നില്ല.

കലക്ടറുടെ സഹായാഭ്യാർത്ഥനയ്ക്ക് എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ സംവിധാനങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ മലപ്പുറം ജില്ലയിൽ മാത്രമാണ് ഇത്തരത്തിലുള്ള പരിവുകൾ നടക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഞ്ചേരി മെഡിക്കൽ കോളജ്, പയ്യനാട് ഫുട്‌ബോൾ സ്‌റ്റേഡിയം തുടങ്ങിയ പദ്ധതികൾക്കെല്ലാം നേരത്തെ ഇത്തരത്തിൽ ഫണ്ട് സമാഹരണം നടന്നിട്ടുണ്ട്.

സർക്കാർ സംവിധാനങ്ങൾക്കായി ജനകീയ പിരിവുകൾ അരങ്ങേറുന്ന വേളയിൽ തന്നെ, ആരോഗ്യമേഖലയിൽ കടുത്ത അവഗണന നേരിടുന്ന ജില്ല കൂടിയാണ് മലപ്പുറം. നിലവിൽ ജില്ലയിൽ ഒരു ജനറൽ ആശുപത്രി പോലുമില്ല. സംസ്ഥാനത്ത് ഉടനീളം 18 ജനറല്‍ ആശുപത്രികൾ നിലവിലുള്ള സാഹചര്യത്തിലാണിത്. ജനസംഖ്യയില്‍ മലപ്പുറത്തേക്കാൾ കുറവുള്ള ജില്ലകളിലാണ് ഒന്നിൽ കൂടുതൽ ജനറൽ ആശുപത്രികളുള്ളത്.

മഞ്ചേരിയിലെ ജനറൽ ആശുപത്രി വേണ്ടത്ര പഠനം നടത്താതെ അശാസ്ത്രീയമായി മെഡിക്കൽ കോളജാക്കി ഉയർത്തിയത് ചികിത്സാ സൗകര്യം പരിമിതമാക്കി എന്ന വിമർശനവുമുണ്ട്. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്ത് അടിയന്തര പ്രാധാന്യം നൽകി ജില്ലയിലെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ സർക്കാർ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Tags :
Similar Posts