അധ്യാപകരുടെ ഇഷ്ടക്കാർക്ക് അധിക മാർക്ക്; തൊടുപുഴ ലോകോളജില്‍ വിദ്യാർഥികളുടെ പ്രതിഷേധം
|50 ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർഥിക്ക് ഇന്‍റേണൽ മാർക്ക് മുഴുവൻ നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം
തൊടുപുഴ: ഇന്റേണൽ മാർക്ക് നൽകിയതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ഇടുക്കി തൊടുപുഴ ലോകോളജ് വിദ്യാർഥികളുടെ പ്രതിഷേധം. മതിയായ യോഗ്യതയില്ലാതിരുന്നിട്ടും അധ്യാപകരുടെ ഇഷ്ടക്കാർക്ക് അധികമാർക്ക് നൽകിയെന്ന് കാട്ടി വിദ്യാർഥി സംഘടനകൾ എംജി യൂണിവേഴ്സിറ്റിയെ സമീപിച്ചു. പരാതിയിൽ അന്വേഷണം നടക്കുന്നുവെന്നാണ് കോളജ് മാനേജ്മെന്റിന്റെ വിശദീകരണം.
എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്മെന്റിനെതിരെ വിദ്യാർഥികൾ രംഗത്തെത്തിയത്. 50 ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർഥിക്ക് ഇന്‍റേണൽ മാർക്ക് മുഴുവൻ നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. അധ്യാപകരുടെ ഇഷ്ടക്കാർക്കായാണ് അട്ടിമറി നടത്തിയതെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളേജ് ഉപരോധിച്ചു.
അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാൽ നടപടിയെടുക്കുമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പ്രശ്ന പരിഹാരമുണ്ടാകും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.