സംസ്ഥാനത്ത് കടുത്ത ചൂട്; ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
|ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രതീക്ഷിച്ചത് പോലെ കാല വർഷം കനിഞ്ഞില്ല, ചൂട് ഓരോ ദിവസവും കൂടി വരികയാണ്. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് ഉയർന്ന താപ നിലയാണ് പലയിടത്തും അനുഭവപ്പെട്ടത്. ഇത് നാളെയും തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം.
ഏഴ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. കൊല്ലത്താണ് കൂടുതൽ ചൂട് പ്രതീക്ഷിക്കുന്നത്. 36 ഡിഗ്രി വരെ ഇവിടെ ചൂട് അനുഭവപ്പെട്ടേക്കും. ആലപ്പുഴ,കോട്ടയം,പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ34 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും.
സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് സാധാരണ നിലയിലുള്ളതിനേക്കാൾ അഞ്ച് ഡിഗ്രിവരെ കൂടുതലാണ്. എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൻറെ മധ്യഭാഗത്ത് ഉയർന്ന താപ നിലയും നിലനിൽക്കുന്നതിനാൽ മഴയെത്താൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.