'ഭയാനകമായിരുന്നു; കണ്ടത് ഓർക്കാൻ കൂടി വയ്യ';ദൃക്‌സാക്ഷികള്‍
|'പരിക്കേറ്റവരെ വേഗം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും തിരിച്ചുവരുമ്പോൾ കൈയും കാലുമെല്ലാം വിറയ്ക്കുകയായിരുന്നു'
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ ഒമ്പതുപേരുടെ ജീവനാണ് നഷ്ടമായത്. പാലക്കാട് -തൃശൂർ ദേശീയ പാതയിൽ അഞ്ചുമൂർത്തി മംഗലത്ത് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടം. അപകടത്തിന്റെ ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയതും രക്ഷാപ്രവർത്തനം നടത്തിയതും നാട്ടുകാരായിരുന്നു. ഓടിയെത്തിയപ്പോൾ ഭയാനകമായ കാര്യങ്ങളാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു.
'കുട്ടികളെല്ലാം അപകടത്തിന്റെ ഷോക്കിലായിരുന്നു. ശരീരഭാഗങ്ങൾ വരെ റോഡിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സ്ഥിതിയുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. അപ്പോഴേക്കും പൊലീസും ഫയർഫോഴ്‌സുമെല്ലാം എത്തിയിരുന്നു. അറ്റുപോയ കൈ പായയിൽ പൊതിഞ്ഞ് ഒരു ഫയർഫോഴ്‌സ് ഉദ്യോസ്ഥൻ കൊണ്ടുവരുന്നതും കണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
'രക്ഷാപ്രവർത്തനം കഴിഞ്ഞതിന് ശേഷമാണ് കനത്ത മഴ പെയ്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ഇവിടുത്തെ നാട്ടുകാരുടെ വാഹനത്തിലായിരുന്നു. ആശുപത്രിയിലേക്ക് വേഗം എത്തിച്ചെങ്കിലും തിരിച്ചുവരുമ്പോൾ കൈയും കാലുമെല്ലാം വിറയ്ക്കുകയായിരുന്നു. അത്രയ്ക്കായിരുന്നു കുട്ടികളുടെയും മറ്റും പരിക്ക്..ക്രൈയിൻ പൊക്കിയാണ് ബസിന്റെ അടിയിലുള്ള കുട്ടികളെ പുറത്തേക്കെടുത്തത്' ഇവർ മീഡിയവണിനോട് പറഞ്ഞു.
പാലക്കാട് -തൃശൂർ ദേശീയ പാതയിൽ അഞ്ചുമൂർത്തി മംഗലത്ത് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു37 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണം എന്നാണ് ആര്‍.ടി.ഒ അടക്കം വ്യക്തമാക്കിയിട്ടുള്ളത്.