'കുട്ടിയെ കൊണ്ടുപോകുന്നതു കണ്ടു ചോദ്യംചെയ്തു; കൈയിൽ മിഠായിയുമുണ്ടായിരുന്നു'
|'മറ്റൊരു ഭാഗത്തേക്ക് പോകുന്നതു കണ്ടു ചോദിച്ചപ്പോൾ, മദ്യപിക്കാൻ പോകുകയാണെന്നായിരുന്നു മലയാളവും ഹിന്ദിയും കലർന്ന ഭാഷയിൽ മറുപടി നല്‍കിയത്.'
കൊച്ചി: അഞ്ചു വയസുകാരിയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ആലുവ മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായ താജുദ്ദീൻ. കുട്ടിയെ ആലുവ മാർക്കറ്റിലൂടെ കൈയിൽ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടിരുന്നെന്നും സംശയം തോന്നി ചോദ്യംചെയ്തിരുന്നുവെന്നും ഇദ്ദേഹം 'മീഡിയവണി'നോട് വെളിപ്പെടുത്തി. ഇന്നു രാവിലെ സംശയം തോന്നി പൊലീസിനെ വിവരമറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താജുദ്ദീന്റെ വാക്കുകളിൽ:
ഇന്നലെ വൈകീട്ട് 3.15ഓടെയാണ് ഒരാൾ കുട്ടിയുമായി മാർക്കറ്റിന്റെ പരിസരത്തെത്തുന്നത്. നീല ബനിയനും കാവി മുണ്ടുമായിരുന്നു ഇയാൾ ഉടുത്തിരുന്നത്. ഞാൻ തൊട്ടടുത്തുള്ള കടയിൽ ഇരിക്കുകയായിരുന്നു. സംശയം തോന്നി കുട്ടി ആരുടേതാണെന്നു ചോദിച്ചു. സ്വന്തം കുട്ടിയാണെന്നായിരുന്നു മറുപടി.
പിന്നീട് മറ്റൊരു ഭാഗത്തേക്ക് പോകുന്നതു കണ്ടു ചോദിച്ചപ്പോൾ, മദ്യപിക്കാൻ പോകുകയാണെന്നു മലയാളവും ഹിന്ദിയും കലർന്ന ഭാഷയിൽ മറുപടി. പിന്നീട് രണ്ടുമൂന്നു പേർ കൂടി ഇതേ സ്ഥലത്തേക്കു പോകുന്നത് കണ്ടു.
കുട്ടിയുടെ കൈയിൽ മിഠായിയുണ്ടായിരുന്നു. മിഠായി തിന്നുകൊണ്ടായിരുന്നു ഇയാൾക്കൊപ്പം കുട്ടി നടന്നിരുന്നത്. ഞാൻ സംശയം പ്രകടിപ്പിച്ചതോടെ കുട്ടിയെ കൈയിലെടുത്തു. പിന്നീട് കൈയിൽനിന്ന് കുട്ടി താഴെയിറങ്ങുകയും ചെയ്തു.
ഇയാളെ ആദ്യമായി കാണുകയാണ്. പ്രതി മലയാളം സംസാരിക്കുന്നുണ്ടെന്നും താജുദ്ദീൻ വെളിപ്പെടുത്തി. വാർത്തകൾ കണ്ടു സംശയം തോന്നിയാണ് ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. അങ്ങനെ പൊലീസ് ആലുവ മാർക്കറ്റിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നുവെന്നും താജുദ്ദീൻ പറഞ്ഞു.
'കൊലയാളി അസ്ഫാക് തന്നെ'; പൊലീസ് സ്ഥിരീകരണം
എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരി ചാന്ദ്നി കുമാരിയെ കൊലപ്പെടുത്തിയത് ബിഹാർ സ്വദേശി അസ്ഫാക്ക് ആലം തന്നെയാണെന്ന് പൊലീസ്. കുട്ടിയെ മറ്റൊരൊൾക്ക് കൈമാറിയെന്നതടക്കമുള്ള മൊഴികൾ കളവാണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കില്ലെന്നും പൊലീസ് പറയുന്നു.
ആലുവ മാർക്കറ്റിന് സമീപത്തുനിന്നാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. ഇവരുടെ വീടിന്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ ബിഹാർ സ്വദേശിയായ അസ്ഫാക്ക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ആലുവ മാര്‍ക്കറ്റില്‍ പ്രതിയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്. എന്നാല്‍, നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഇവിടെയുണ്ടായത്. പ്രതിയെ പൊലീസ് വാഹനത്തില്‍നിന്ന് ഇറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.
Summary: Eyewitness Thajuddeen reveals that he saw the murdered 5 year old Chandni with the accused Asfak in Aluva market