'ഇസ്‌ലാമോഫോബിയയിൽ നിന്ന് ഉടലെടുത്ത കെട്ടിച്ചമച്ച സംഭവം'; മാപ്പു ചോദിച്ചു രാഹുല്‍ ഈശ്വര്‍
|കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നും വര്‍ഗീയ പരാമര്‍ശം നടത്തി ആക്രമണം നടത്തിയെന്ന തുഷാരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് വ്യക്തമാക്കി
നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് വെച്ച് നന്ദൂസ് കിച്ചണ്‍ എന്ന റസ്റ്റോറന്റ് നടത്തുന്ന തുഷാര അജിത്ത് ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത ഇസ്‌ലാമോഫോബിയയിൽ നിന്ന് ഉടലെടുത്ത കെട്ടിച്ചമച്ച സംഭവം മാത്രമാണെന്നും ഭാവിയില്‍ ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ട്വിറ്ററിലെ ട്വീറ്റിലാണ് രാഹുല്‍ ഈശ്വര്‍ മാപ്പ് അപേക്ഷിച്ചത്.
കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നും വര്‍ഗീയ പരാമര്‍ശം നടത്തി ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് വ്യക്തമാക്കി.
പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് വെച്ച് നന്ദൂസ് കിച്ചണ്‍ എന്ന റസ്റ്റോറന്റ് നടത്തുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കാക്കനാട് പുതിയ കട നടത്താനുളള ശ്രമത്തിലായിരുന്നു. ഇവിടെ കഫേ നടത്തുന്ന ബിനോജ് , നകുല്‍ എന്നിവരുമായാണ് തര്‍ക്കം ഉണ്ടായത്. ബേല്‍പ്പുരി വില്‍പ്പന നടത്തുന്ന സ്റ്റാള്‍ തുഷാരയും സംഘവും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് തുഷാര ഫേസ്ബുക്ക് ലൈവിലെത്തി. തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചു. ഇതോടെ സംഘപരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തു. നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തുഷാരക്ക് മര്‍ദനം എന്ന രീതിയില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി.
എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. തുഷാരയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെയും തങ്ങളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന യുവാക്കളുടെ പരാതിയില്‍ തുഷാരക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
രാഹുല്‍ ഈശ്വറിന്‍റെ ട്വിറ്റര്‍ പോസ്റ്റ്:
വ്യാജ വാര്‍ത്താ ട്വീറ്റില്‍ മാപ്പ്. ആ ട്വിറ്റില്‍ മാപ്പു ചോദിക്കുന്നു. തുഷാര അജിത്ത് ആക്രമിക്കപ്പെട്ടു എന്ന ആ വ്യാജ വാര്‍ത്തയില്‍ എനിക്കും വേദന തോന്നി. ഇസ്‌ലാമോഫോബിയയിൽ നിന്ന് ഉടലെടുത്ത വെറും കെട്ടിച്ചമച്ച സംഭവം മാത്രമാണിതെന്ന് തെളിഞ്ഞു. ഭാവിയില്‍ ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കും. ദൈവം അനുഗ്രഹിക്കട്ടെ, ജയ് ഹിന്ദ്.
Sorry for the Fake News tweet. 🙏
— Rahul Easwar (@RahulEaswar) October 29, 2021
I apologize for the tweet, I too feel for the fake news that #ThusharaAjith was attacked. It turns out that it is a mere fabricated incident arising out of Islamophobia. Will be careful in future.
God Bless. Jai Hind https://t.co/bfC0gy0SIM