Kerala
മോദിക്കും അമിത് ഷായ്ക്കുമെതിരെ വിമര്‍ശനം; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്‍റെ വിലക്ക്
Kerala

മോദിക്കും അമിത് ഷായ്ക്കുമെതിരെ വിമര്‍ശനം; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്‍റെ വിലക്ക്

Web Desk
|
8 May 2021 4:00 PM GMT

നിയന്ത്രണങ്ങൾ ആവർത്തിച്ചാലും വിമർശനങ്ങൾ തുടരുമെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു

കവി കെ സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാണിച്ചാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരായ വിമർശനമാണ് വിലക്കിന് കാരണമെന്ന് സച്ചിദാനന്ദൻ പറഞ്ഞു. നസ്‌റുല്ല വാഴക്കാടിന്റെ 'പടച്ചോന്റെ കളി' കവിതാ സമാഹാരത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുമ്പോഴാണ് ഫേസ്ബുക്ക് വിലക്കിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്..

കഴിഞ്ഞ ദിവസമാണ് ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ഫേസ്ബുക്കിന്‍റെ നോട്ടീസ് ലഭിച്ചത്. 30 ദിവസം ലൈവായി ഫേസ്ബുക്കിൽ വരാൻ പാടില്ലെന്ന് നോട്ടീസിൽ പറയുന്നുണ്ട്. ഇതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുണ്ട്. അമിത് ഷായെയും മോദിയെയും കുറിച്ചുള്ള രണ്ട് പോസ്റ്റുകളാണ് വിലക്കിന് കാരണം. പോസ്റ്റ് നീക്കം ചെയ്ത ശേഷമാണ് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. ഇതിനു മുൻപും തനിക്ക് ഫേസ്ബുക്കിന്‍റെ താക്കീത് കിട്ടിയിരുന്നെങ്കിലും വിമർശനം തുടര്‍ന്നതിനാലാണ് നടപടിയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഇനിയും ഇത്തരം നടപടി തുടർന്നാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും ഫേസ്ബുക്കില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങൾ ആവർത്തിച്ചാലും വിമർശനങ്ങൾ ഇനിയും തുടരുമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ സത്യം വിളിച്ചുപറയുന്നതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts