Kerala
ബിപിൻ റാവത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: രശ്മിത രാമചന്ദ്രനെതിരെ പരാതി
Kerala

ബിപിൻ റാവത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: രശ്മിത രാമചന്ദ്രനെതിരെ പരാതി

ijas
|
11 Dec 2021 6:07 AM GMT

നിലവില്‍ തിരുവനന്തപുരത്തുള്ള എ.ജി കൊച്ചിയിലെത്തിയതിന് ശേഷം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എ.ജിയുടെ ഓഫീസ് വ്യക്തമാക്കി

ബിപിൻ റാവത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ അഭിഭാഷക രശ്മിത രാമചന്ദ്രനെതിരെ പരാതി. വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരും ഒരു യുവമോർച്ച ദേശീയ നേതാവുമാണ് രശ്മിതക്കെതിരെ അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്. ഫേസ്ബുക്കിലെ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ രശ്മിതക്കെതിരെ നടപടി വേണമെന്നാണ് പരാതി.

അതെ സമയം പരാതി ലഭിച്ച കാര്യം അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. നിലവില്‍ തിരുവനന്തപുരത്തുള്ള എ.ജി കൊച്ചിയിലെത്തിയതിന് ശേഷം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എ.ജിയുടെ ഓഫീസ് വ്യക്തമാക്കി. അതിനിടെ തന്നോട് ആരും വിശദീകരണം ചോദിച്ചില്ലെന്ന് രശ്മിത പ്രതികരിച്ചു.

'മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല'എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ വിവാദമായ മുന്‍ നിലപാടുകള്‍ അക്കമിട്ടു ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഭരണ ഘടനാ സങ്കൽപങ്ങൾ മറികടന്നാണ് ബിപിൻ റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചതെന്ന് രശ്മിത വിമര്‍ശിച്ചു. കാശ്മീരി പൗരനെ മനുഷ്യകവചമായി തന്‍റെ ജീപ്പിന്‍റെ മുൻവശത്ത് കെട്ടിയിട്ട വിവാദ സംഭവവും വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്‍റെ നിലപാടും രശ്മിത ഓര്‍ത്തെടുത്തു. കല്ലെറിയുന്നവർക്കെതിരെ ശക്​തമായി ആയുധങ്ങൾ പ്രയോഗിക്കണമെന്ന് റാവത്ത് പറഞ്ഞതായും പൗരത്വ പ്രക്ഷോഭക്കാർക്കെതിരെ ശക്​തമായ ഭാഷ ഉപയോഗിച്ചതായും രശ്മിത അക്കമിട്ട് നിരത്തുന്നു.

അതെ സമയം രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരാണ് രൂക്ഷ പ്രതികരണങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി രംഗത്തുവന്നിരിക്കുന്നത്. പുറത്തുള്ള ശത്രുവിനേക്കാൾ അപകടകാരിയാണ് ഉള്ളിലെ ശത്രുവെന്നും രാജ്യദ്രോഹികളെയും കഴുകന്മാരെയും തിരിച്ചറിഞ്ഞതായുമുള്ള ഒരാളുടെ കമന്‍റിനോട് അതെ...നമ്മുടെ രാഷ്ട്രപിതാവിനെ കൊന്നവർക്കെതിരെ നമുക്ക് പ്രവർത്തിക്കാമെന്നാണ് രശ്മിത മറുപടി നല്‍കിയത്.

Similar Posts