Kerala
ആർഎസ്എസിനെയും പൊലീസിനെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: എസ്‍ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
Kerala

ആർഎസ്എസിനെയും പൊലീസിനെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: എസ്‍ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

Web Desk
|
6 Jan 2022 2:14 PM GMT

ആർഎസ്എസ് ആക്രമണനീക്കമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമവാർത്ത പങ്കിട്ടായിരുന്നു ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. സ്റ്റേഷൻജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്

ആർഎസ്എസിനെയും പൊലീസിനെയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എസ്‍ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി കൊല്ലംപറമ്പിൽ ഉസ്മാന്‍ ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്. മതസ്പർധ പരത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന കുറ്റം ചുമത്തിയാണ് നടപടി.

ആർഎസ്എസ് ആക്രമണനീക്കത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമവാർത്ത പങ്കിട്ടായിരുന്നു ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. സ്റ്റേഷൻജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഐപിസി 153 എ വകുപ്പാണ് ചുമത്തിയത്.

പ്രശ്‌നരഹിതമായ സ്ഥലങ്ങളിൽപോലും കലാപമുണ്ടാക്കാൻ ആർഎസ്എസ് നീക്കം നടത്തുന്നതായി പറയുന്നത് സംസ്ഥാന ഇന്റലിജൻസ് ആണെന്നും ഈ കലാപവും ലക്ഷ്യംവയ്ക്കുന്നത് മുസ്‍ലിംകളെ തന്നെയായിരിക്കുമെന്നും കുറിപ്പിൽ ഉസ്മാൻ പറയുന്നുണ്ട്. ''ഈ കലാപ ഒരുക്കങ്ങളെല്ലാം കണ്ടിരിക്കുമ്പോൾ നമ്മുടെ നാട്ടിലെ പൊലീസിന്റെയും പൊതുബോധത്തിന്റെയും അണ്ണാക്കിൽ പലതവണ നമ്മൾ കണ്ടതുപോലെ പഴംതിരുകി വച്ചിരിക്കുകയാണ്. ഒരുപക്ഷെ, ആർഎസ്എസ് കലാപം നടത്തിയാലും ഇതുതന്നെയായിരിക്കും അവരുടെ നിലപാട്. ഒടുവിൽ ഏതെങ്കിലും ഭാഗത്തുനിന്ന് പ്രതിരോധമുണ്ടായാൽ അപ്പോ സംഘിയുടെ അമ്മയുടെ കണ്ണീരും നാടിന്റെ സമാധാനത്തിന്റെ വെണ്ണീറും പറഞ്ഞുള്ള മോങ്ങലുകളുടെ ഘോഷയാത്രയുമായി വരവായിരിക്കും ഈ പറഞ്ഞ ആളുകൾ എല്ലാവരുംകൂടി''-അറസ്റ്റിനു കാരണമായി പറയുന്ന ഫേസ്ബുക്ക് കുറിപ്പിൽ ഉസ്മാൻ പറയുന്നു.

അറസ്റ്റിൽ പോപുലർ ഫ്രണ്ട് പ്രതിഷേധിച്ചു. ഉസ്മാനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Similar Posts