ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്ക് തടസങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കും; മന്ത്രി കെ രാജൻ
|ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ റവന്യൂമന്ത്രി പമ്പയിലേക്ക് തിരിച്ചു.
ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്ക് പരമാവധി തടസങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ റവന്യൂമന്ത്രി പമ്പയിലേക്ക് തിരിച്ചു. നിലയ്ക്കലിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യങ്ങൾ മന്ത്രി വിലയിരുത്തും. മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയാകും.
പമ്പ കരകവിഞ്ഞ് ഒഴുകുകയാണ്. ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡുകളിൽ വെള്ളക്കെട്ടുണ്ട്. രണ്ട് മൂന്ന് ദിവസം മഴയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജില്ലാ കലക്ടറുടെ നേകൃത്വത്തിൽ കടന്നുവരുന്ന വഴികളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നുണ്ട്. പന്തളം കേന്ദ്രീകരിച്ച് എൻഡിആർഎഫ് സംഘം പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ രണ്ട് ടീമുകളെ കൂടി പമ്പയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തീർത്ഥാടകർ പൊലീസിന്റെയും സർക്കാറിന്റെയും നിർദേശങ്ങൾ പാലിക്കണം. പൊലീസുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. അയ്യപ്പ ഭക്തർ ഈ അവസ്ഥയിൽ ശബരിമലയിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്. എന്നാൽ വരുന്നവർക്ക് സുരക്ഷയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.