'മുനമ്പം വഖഫ് ഭൂമി കയ്യേറിയവരെ കായികമായി ഒഴിപ്പിക്കുമെന്ന് എസ്ഡിപിഐ പറഞ്ഞോ?'; പ്രചാരണത്തിന്റെ വസ്തുതയെന്ത്?
|എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ പേരിലാണ് സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ പേജുകൾ പ്രചാരണം നടക്കുന്നത്.
മുനമ്പം വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ പേരിൽ വ്യാജപ്രചാരണം. മുനമ്പം വഖഫ് ഭൂമി ആർക്കും വിട്ടുകൊടുക്കില്ലെന്നും ഭൂമി കയ്യേറിയവരെ വേണ്ടിവന്നാൽ കായികമായി ഒഴിപ്പിക്കാനും എസ്ഡിപിഐ തയ്യാറാണെന്ന് അഷ്‌റഫ് മൗലവി പറഞ്ഞുവെന്നാണ് പല ഓൺലൈൻ പേജുകളിലും പോസ്റ്റുകൾ പ്രചരിക്കുന്നത്.
കായികമായി നേരിടും എന്ന് പറഞ്ഞാൽ അതിന്റെ അർഥം മനസ്സിലായല്ലോ അല്ലേ? ഇടതന്റെയും വലതന്റെയും വായിൽ എന്താണോ എന്തോ? വീടും സ്ഥലവും നഷ്ടപ്പെട്ട് നിൽക്കുന്ന പാവം ജനങ്ങളോട് അതിക്രമം കാണിക്കും എന്ന് പറഞ്ഞ ഇവനെ അറസ്റ്റ് ചെയ്യേണ്ടേ? എന്ന കുറിപ്പിനൊപ്പമാണ് അഷ്‌റഫ് മൗലവിയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റ് പ്രചരിക്കുന്നത്. 'മുനമ്പം വഖഫിന്റെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല. വഖഫ് ഭൂമി കയ്യേറിയവരെ കായികമായി ഒഴിപ്പിക്കേണ്ടിവന്നാൽ എസ്ഡിപിഐ ഒഴിപ്പിക്കും' എന്നാണ് കുറിപ്പിനൊപ്പമുള്ള കാർഡിൽ ഉള്ളത്. നിരവധി സംഘ്പരിവാർ അനുകൂല പേജുകളിൽ ഈ കാർഡ് പ്രചരിപ്പിക്കുന്നുണ്ട്.
അതിനിടെ പാർട്ടിക്കെതിരെ നടക്കുന്ന അപകീർത്തി പ്രചാരണത്തിനെതിരെ എസ്ഡിപിഐ നേതാക്കൾ രംഗത്തെത്തി. ഇത്തരം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ ഡിജിപിക്ക് പരാതി നൽകി.
എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങൾ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചർച്ചകളും വിവാദങ്ങളും പുകയുകയാണ്. കേന്ദ്ര ബിജെപി സർക്കാർ വംശീയ താൽപ്പര്യത്തോടെ കൊണ്ടുവരുന്ന വഖഫ് ഭേദഗതി്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിന് സംഘപരിവാര ശക്തികളും അവരെ പിന്തുണ്ക്കുന്നവരും ഈ വിഷയം ഇന്ധനമാക്കി മാറ്റിയിരിക്കുന്നു. വ്യത്യസ്ത മതസമൂഹങ്ങൾ തമ്മിൽ ഐക്യത്തിലും സൗഹാർദത്തിലും അധിവസിക്കുന്ന സംസ്ഥാനത്ത് പരസ്പരം ശത്രുതയും സംഘർഷങ്ങളും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ചില തൽപ്പരകക്ഷികൾ രംഗത്തുവന്നിരിക്കുകയാണ്. അവിടെ താമസിക്കുന്ന കുടുംബങ്ങളെ ബാധിക്കാത്ത വിധം രമ്യമായി പ്രശ്നം പരിഹരിക്കണമെന്നാണ് എസ്ഡിപിഐ നിലപാട്. അത് വ്യക്തമാക്കി വാർത്താക്കുറിപ്പും സോഷ്യൽ മീഡിയാ പോസ്റ്റും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിനും പാർട്ടിയുടെ സുദൃഢവും വ്യക്തവും മനുഷ്യത്വപരവുമായ നിലപാടിനെ വക്രീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിനും വിവിധ സമൂഹങ്ങൾ തമ്മിൽ സംശയവും ശത്രുതയും വളർത്തുന്നതിനും വേണ്ടി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ ഫോട്ടോ വെച്ച് വ്യാജ പോസ്റ്റുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.