ആലപ്പുഴ സി.പി.എമ്മിൽ തുടർച്ചയായി വിവാദങ്ങൾ; ജില്ലാനേതൃത്വം രണ്ടുതട്ടിൽ
|ലഹരിക്കടത്തിൽ ഷാനവാസിനെതിരെ ഔദ്യോഗിക പക്ഷം നിലപാടെടുത്തതോടെയാണ് സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയുടെ ഫോണിലെ നഗ്നദൃശ്യവിവാദം ഉയരുന്നത്
ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷം. ലഹരിക്കടത്ത് കേസിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫോണിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ചർച്ചയാകുന്നതും വിഭാഗീയതയ്ക്ക് കാരണമാണ്. കുട്ടനാട്ടിലെ പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിന് പിന്നിലും പാർട്ടിയിലെ ചേരിപ്പോര് തന്നെയാണുള്ളത്.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ ഏരിയ കമ്മിറ്റി അംഗം എ. ഷാനവാസ് ഉൾപ്പെട്ടതോടെയാണ് ആലപ്പുഴ സി.പി.എമ്മിൽ വിഭാഗീയത വീണ്ടും ഉയർന്നത്. മന്ത്രി സജി ചെറിയാൻ പക്ഷക്കാരനായ ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷവും ഇത് എതിർക്കുകയായിരുന്നു. പുറത്താക്കൽ നടപടിയെ എതിർത്തവരിൽ സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കലും ഉള്‍പ്പെടും.
ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാൻ പ്രതികരിക്കുക കൂടി ചെയ്തതോടെ ആലപ്പുഴ സി.പി.എം പൂർണമായും രണ്ട് തട്ടിലായിരിക്കുകയാണ്. അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഷാനവാസിന് ക്ളീൻ ചിറ്റ് നൽകിയതിൽ അമർഷം പുകയുന്നുണ്ട്. വരുന്ന ജില്ലാ നേതൃയോഗങ്ങളിൽ ഇത് ചർച്ചയാകുമെന്നുറപ്പായിരിക്കുകയാണ്.
ലഹരിക്കടത്തിൽ ഷാനവാസിനെതിരെ ഔദ്യോഗിക പക്ഷം നിലപാടെടുത്തതോടെയാണ് സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയുടെ ഫോണിലെ നഗ്നദൃശ്യവിവാദം ഉയരുന്നത്. ഗുരുതര പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ സോണയെ ഔദ്യോഗികപക്ഷം സംരക്ഷിക്കുന്നുവെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിൽ നിന്ന് 289 പേർ പാർട്ടി വിട്ടതിന് കാരണവും സി.പി.എമ്മിലെ ചേരിപ്പോര് തന്നെയാണ്. സംസ്ഥാന നേതൃത്വം വടിയെടുത്താണ് ഇതിന് മുൻപ് ജില്ലയിലെ വിഭാഗീയതയ്ക്ക് കടിഞ്ഞാണിട്ടത്. പോര് തുടർന്നാൽ സംസ്ഥാന നേതൃത്വം വീണ്ടും ഇടപെട്ടേക്കും.