വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ചതിൽ രഹന പൊലീസിന് പരാതി നൽകും
|മെഡിക്കൽ റെക്കോഡ്സ് വിഭാഗം ജീവനക്കാരി അശ്വനിക്കും സൂപ്രണ്ട് ഗണേഷ് മോഹനും എതിരെയാണ് പരാതി നൽകുക
കളമശ്ശേരി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിന്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ചതിൽ രഹന പൊലീസിന് പരാതി നൽകും. മെഡിക്കൽ റെക്കോഡ്സ് വിഭാഗം ജീവനക്കാരി അശ്വനിക്കും സൂപ്രണ്ട് ഗണേഷ് മോഹനും എതിരെയാണ് പരാതി നൽകുക. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളടക്കം കൂടുതൽ പേരെ പ്രതിചേർക്കും.
വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിന്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റ് പുറത്തു വന്നിരുന്നു. താൽക്കാലിക ജീവനക്കാരിയായിരുന്ന രഹനയുമായി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാരി നടത്തിയ ചാറ്റാണ് പുറത്തായത്. ചാറ്റിൽ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ അയച്ചുതരാൻ ആവശ്യപ്പെടുന്നുണ്ട്.മുഖ്യ പ്രതി എ അനിൽകുമാറിന്‍റെ നിർദേശ പ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് രഹന ചാറ്റിൽ പറയുന്നുണ്ട്. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രതികള്‍ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
രഹന അനിൽ കുമാറിനും സൂപ്രണ്ടിനും എതിരെ നൽകിയ പരാതിയിലും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രഹനക്കെതിരെ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ പുതിയ അന്വേഷണ സംഘത്തെ ഇന്നലെ രൂപികരിച്ചിരുന്നു.
കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്ന വിവരമാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് ലഭിച്ചിട്ടുള്ളത്. കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കുഞ്ഞു ജനിച്ചത്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.