വ്യാജ ജനന സർട്ടിഫിക്കറ്റ്; കുട്ടിയെ സി.ഡബ്ള്യൂ.സിക്ക് കൈമാറി,മെഡിക്കല്‍ കോളേജ് ജീവനക്കാരിയെ പ്രതി ചേർത്തു
|കുഞ്ഞിന്‍റെ യഥാർഥ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ രക്ഷിതാക്കളുടെ മേൽവിലാസവും തെറ്റാണെന്നാണ് കണ്ടെത്തൽ
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കുട്ടിയെ സി.ഡബ്ള്യൂ.സിക്ക് കൈമാറി. വൈദ്യപരിശോധനക്ക് ശേഷം ശിശുക്ഷേമസമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റും. കുഞ്ഞിന്‍റെ യഥാർഥ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ രക്ഷിതാക്കളുടെ മേൽവിലാസവും തെറ്റാണെന്നാണ് കണ്ടെത്തൽ. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കി കുഞ്ഞിനെ ഏറ്റെടുത്ത അനൂപിൻ്റെ സഹോദരനാണ് സി.ഡബ്ള്യൂ.സി ഓഫീസിലേക്ക് കുഞ്ഞുമായി എത്തിയത്. കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ വൈദ്യപരിശോധനക്ക് വിധേയമാക്കി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനാണ് സി.ഡബ്ള്യൂ.സിയുടെ തിരുമാനം. കളമശ്ശേരി മെഡിക്കൽ കോളജിൽ തന്നെയാണ് കുഞ്ഞ് ജനിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിൻ്റെ യഥാർഥ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ മാതാപിതാക്കളുടേ മേൽവിലാസവും തെറ്റാണെന്നാണ് വിവരം . ഇവരെ കണ്ടെത്തിയതിന് ശേഷം കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്നറിയിച്ചാൽ ദത്ത് നടപടിയിലേക്ക് സി.ഡബ്ള്യൂ.സി കടക്കും.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അനിൽകുമാറിനായുള്ള അന്വേഷണവും പൊലീസ് തുടരുന്നുണ്ട്.വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിൻ്റെ പരാതിയിൽ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു.കിയോസ്ക് ഡസ്കിലെ ജീവനക്കാരി രഹ്നയെയും പൊലീസ് പ്രതി ചേർത്തു. വ്യാജരേഖ ചമച്ചതിനും വഞ്ചനക്കുറ്റത്തിനുമാണ് കേസ് എടുത്തത്.