വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: നിഖിലിൽ തോമസില്‍ നിന്ന് നിന്ന് പണം വാങ്ങിയെന്ന് അബിൻ രാജ്; നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്
|എറണാകുളത്തെ ഏജൻസിയിൽ നിന്നാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് അബിൻ രാജ് സമ്മതിച്ചു
ആലപ്പുഴ: സർട്ടിഫിക്കറ്റിനായി നിഖിൽ രാജിൽ നിന്ന് പണം വാങ്ങിയെന്ന് വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.ഐ കായംകുളം ഏരിയാ പ്രസിഡന്റുമായിരുന്ന അബിൻ രാജ് മൊഴി നൽകി.സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഓറിയോൺ ഏജൻസിയിൽ നിന്നാണെന്നും സർട്ടിഫിക്കറ്റിനായി നിഖിലിൽ നിന്ന് പണം കൈപ്പറ്റിയെന്നും അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു.
മാലിദ്വീപിൽ അധ്യാപകനായിരുന്ന അബിൻരാജിനെ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെ കായംകുളം സ്റ്റേഷനിലെത്തിച്ച അബിൻരാജിനെ വിശദമായി ചോദ്യം ചെയ്തു.
ഇരുവരുടെയും മൊഴിയിൽ പരാമർശിച്ച ഓറിയോൺ എന്ന ഏജൻസി നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും വിസാ തട്ടിപ്പിൽ പ്രതിയായ സ്ഥാപനമുടമ ഒളിവിലാണെന്നുമാണ് പൊലീസിൻ്റ കണ്ടെത്തൽ. സ്ഥാപനമുടമയും കേസിൽ പ്രതിയായേക്കും. നിഖിൽ തോമസും അബിൻ രാജും പിടിയിലായതോടെ സി.പി.എമ്മിലെ വിഭാഗീയതയും മറ നീക്കി പുറത്തുവന്നു.
കായംകുളത്തെ വിപ്ലവം, ചെമ്പട കായംകുളം എന്നീ എഫ്.ബി പേജുകളിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങളുമുയർന്നതോടെ സി.പി.എം.കായംകുളം ഏരിയാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. രാഷ്ട്രീയ പശ്ചാത്തലമുള്ള കേസായിട്ടും ആരെയും പ്രതിക്കൂട്ടിലാക്കാതെയുള്ള മൊഴികളാണ് ഇരുവരും പൊലീസിന് നൽകുന്നത്.