വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യയുമായി ഇന്ന് തെളിവെടുപ്പ്
|തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പൊലീസ് സ്റ്റേഷനിലെത്തും.
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ അഗളി പോലീസ് അറസ്റ്റ് ചെയ്ത മുൻ എസ്.എഫ്.ഐ നേതാവ് വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പൊലീസ് സ്റ്റേഷനിലെത്തും.
വിദ്യ തന്നെയാണ് അഭിമുഖത്തിന് എത്തിയത് എന്ന് പ്രിൻസിപ്പൽ തിരിച്ചറിയേണ്ടതുണ്ട്. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്.
കോടതിയില്‍ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട വിദ്യയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കുന്നത്.
അതേസമയം, വിദ്യ ഒളിവില്‍ പോയിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് ഇപ്പോള്‍ വിദ്യയെ അറസ്റ്റ് ചെയ്തത്. മുന്‍ എസ്.എഫ്.ഐ നേതാവായതുകൊണ്ട് മാത്രമാണ് വിദ്യയെ വേട്ടയാടുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.