വ്യാജ സർട്ടിഫിക്കറ്റ് വിവാദം: കായംകുളം എം.എസ്.എം കോളേജ് പ്രിൻസിപ്പലിനെ മാറ്റി
|രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള സർവകലാശാലയുടെ നടപടി
തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കായംകുളം എം.എസ്.എം കോളേജ് പ്രിൻസിപ്പലിനെ മാറ്റി. കേരള സർവകലാശാലയുടേതാണ് നടപടി. ആറ് അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് മാനേജ്മെന്റിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളേജിലാണ് ഡ്രിഗ്രിക്ക് പഠിച്ചത്. എന്നാൽ ഡിഗ്രിയിൽ നിഖിൽ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ബിരുദാനന്തര ബിരുദ കോഴ്സിന് കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റുമായി എത്തുകയും എം.എസ്.എം കോളേജിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. ഇത് വലിയ രീതിയിൽ വിവാദമായിരുന്നു.
ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടത്തുകയും ചെയ്തിരുന്നു. ഇത് സർവകലാശാല വലിയ രീതിയിൽ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതോടുകൂടിയാണ് സംഭവത്തിൽ പരിശോധന നടത്താൻ സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചത്.