വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പത്ത് വർഷമായി പ്രാക്ടീസ്; അഭിഭാഷകനെതിരെ നടപടിക്കൊരുങ്ങി ബാർ കൗൺസിൽ
|വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ 2013ലാണ് ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ 10 വർഷമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെതിരെ നടപടിക്ക് ഒരുങ്ങി ബാർ കൗൺസിൽ. അടുത്ത കൗൺസിൽ യോഗത്തിൽ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയായ മനു ജി രാജന്റെ എൻറോൾമെന്റ് പിൻവലിക്കാനാണ് തീരുമാനം. മഗധ് സർവകലാശാലയുടേത് എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി മനു ജി രാജൻ, ബാർ കൗൺസിലിൽ അഭിഭാഷകനായി എൻട്രോൾ ചെയ്തതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു.
വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ 2013ലാണ് ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. ബിഹാറിലെ മഗധ് സർവകലാശാലയിൽ നിന്ന് എൽഎൽബി ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്ടീസ് കാലയളവിൽ 53 പേരുടെ വക്കാലത്തും ഏറ്റെടുത്തു. ഇതിനിടയിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മനു ജി രാജൻ ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തതെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടർന്ന് വ്യാജരേഖ ചമച്ചതിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.
എൻറോൾ ചെയ്യാനായി ഹാജരാക്കിയ സർട്ടിഫിക്കറ്റ് യഥാർഥ സർട്ടിഫിക്കറ്റല്ലെന്ന മറുപടിയാണ് മഗധ് സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്നും ബാർ കൗൺസിലിനും ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെതിരെ ബാർ കൗൺസിൽ നടപടിക്ക് ഒരുങ്ങുന്നത്. ഈ മാസം 17ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അഭിഭാഷകന്റെ എൻറോൾമെന്റ് പിൻവലിക്കാൻ തീരുമാനം എടുക്കും. തുടർന്ന് നടപടി സംബന്ധിച്ച വിവരം ബാർ കൗൺസിൽ ഓഫ് ഇന്ത്യയെ അറിയിക്കും. അതിനിടെ ചില രേഖകൾ കൂടി ലഭിച്ചശേഷം മനു ജി രാജനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ തീരുമാനം.