കോഴിക്കോട് സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വ്യാപകം
|രാത്രിയുടെ മറവിലാണ് ഏജന്‍റുമാര്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വ്യാജ ഡീസല്‍ എത്തിച്ച് നല്‍കുന്നത്
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വര്‍ധിക്കുന്നു. രാത്രിയുടെ മറവിലാണ് ഏജന്‍റുമാര്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വ്യാജ ഡീസല്‍ എത്തിച്ച് നല്‍കുന്നത്. വ്യാജ ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ചെറിയ അപകടമുണ്ടായാൽ പോലും തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വ്യാജ ഡീസൽ ബസുകളിൽ നിറയ്ക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ഇരുട്ടിൽ വ്യാജ ഡീസൽ കൊണ്ട് വന്ന ബാരലുകൾ ബസ് ജീവനക്കാർക്ക് കൈമാറും. പിന്നീട് ബസിനുള്ളില്‍ ബാരലുകള്‍ വെച്ച് ഹോസുപയോഗിച്ച് ടാങ്കിലേക്ക് നിറയ്ക്കുന്നു. ഒന്നിനു പിന്നാലെ മറ്റു ചില ബസുകളിലേക്കും. ഡീസല്‍ വീല നൂറിലേക്കടുക്കുകയാണ്. എന്നാൽ എഴുപത് രൂപയില്‍ താഴെ മാത്രം മതി വ്യാജ ഡീസലിന്. ഇതാണ് റിസ്കെടുത്തും വ്യാജ ഡീസല്‍ വാങ്ങാന്‍ ചില ബസുടമകളെ പ്രേരിപ്പിക്കുന്നത് . ടാറിലുപയോഗിക്കുന്ന ഓയിലും കപ്പലില്‍ നിന്നും ഒഴിവാക്കുന്ന ഓയിലുകളും രാസ പദാർത്ഥങ്ങൾ ഉപയോഗിച്ച് വ്യാജ ഡീസലാക്കി മാറ്റുകയാണ്. അപകട സാധ്യത മാത്രമല്ല പ്രശ്നം. ഇവ പുറം തള്ളുന്നത് വിഷപ്പുകയാണ്.