തൊടുപുഴയിൽ വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്നതായി പരാതി
|ഏദൻസ് ജോബ് കൺസൾട്ടൻസിക്ക് എതിരെയാണ് പരാതി ഉയർന്നത്
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്നതായി പരാതി. ഏദൻസ് ജോബ് കൺസൾട്ടൻസിക്ക് എതിരെയാണ് പരാതി ഉയർന്നത് . സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു.
പഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ലിവിങ് എക്സ്പെൻസ് ആയി നിശ്ചിത തുക ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിക്കണം. ഇതിന് വേണ്ടിയാണ് വ്യാജരേഖകൾ തയ്യാറാക്കിയത്. തൊടുപുഴ മങ്ങാട്ടുകവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫെഡറൽ ബാങ്കിന്റെ പേരിൽ നിർമിച്ച നിരവധി രേഖകൾ പിടിച്ചെടുത്തു. ബാങ്കിൻ്റെ ലെറ്റർ ഹെഡും മാനേജരുടെ ഒപ്പും വ്യാജമായി തയ്യാറാക്കിയായിരുന്നു തട്ടിപ്പ്.
വിദ്യാർഥികൾ നൽകിയ രേഖകൾ സ്ഥിരീകരിക്കാനായി അതാത് രാജ്യങ്ങൾ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇതോടെയാണ് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയത്. സ്ഥാപനമുടമ കഞ്ഞിക്കുഴി സ്വദേശി ജോർജൻ.സി. ജസ്റ്റിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.