വ്യാജ ഐഡി കാർഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം
|വ്യാജരേഖ ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു അറസ്റ്റിലായ ഫെനി നൈനാന്റെ മറുപടി.
പത്തനംതിട്ട: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നാളെ രാവിലെ വരെ ഇടക്കാല ജാമ്യം. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിനു വേണ്ടിയാണ് ജാമ്യം നൽകിയത്. നാളെ 11 മണിക്ക് നാല് പ്രതികളും കോടതിയിൽ ഹാജരാകണം. നാളെ കേസ് കോടതി പരിഗണിക്കും. വ്യാജരേഖ ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു അറസ്റ്റിലായ ഫെനി നൈനാന്റെ മറുപടി.
കേസിൽ മുന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ഫെനി, ബിനിൽ ബിനു എന്നിവരാണ് അറസ്റ്റിലായത്. അഭി വിക്രമിനെ പത്തനംതിട്ടയിൽ നിന്നും ഫെനി, ബിനിൽ ബിനു എന്നിവരെ തിരുവനന്തപുരത്ത് നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
അഭിയുടെ മൊബൈലിൽ നിന്നും ബിനിലിന്റെ ലാപ്ടോപ്പിൽ നിന്നും 24 വ്യാജ തിരിച്ചറിയൽ കാർഡുകളാണ് കണ്ടെടുത്തത്. കൂടാതെ ഫോട്ടോഷോപ്പ് വഴി വികാസ് കൃഷ്ണൻ വ്യാജ കാർഡുകളുണ്ടാക്കിയെന്നും പൊലീസ് കണ്ടെത്തി. ഇവ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച ശേഷമാണ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇവർ നാലുപേരും പരസ്പരം വ്യാജ കാർഡുകൾ കൈമാറിയെന്നും പൊലീസ് കണ്ടെത്തി.
പത്തനംതിട്ട അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും കാർഡ് നിർമാണത്തിൽ പങ്കെന്ന സംശയവും പൊലീസിനുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇതിനിടെ ഒന്നിലധികം എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചാണ് വ്യാജ കാർഡുകൾ നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒപ്പം വ്യാജ കാർഡ് ഉണ്ടാക്കാൻ ഉപയോഗിച്ച മദർ കാർഡിന്റെ ഉടമയെയും തിരിച്ചറിഞ്ഞിരുന്നു.