വ്യാജ ഐഡി: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കോഴിക്കോടും കേസ്
|യൂത്ത് കോൺഗ്രസ് നേതാവ് ഷഹബാസ് വടേരി നൽകിയ പരാതിയിൽ മുഹമ്മദ് നിഹാൽ, ജറിൽ ബോസ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്
കോഴിക്കോട്: യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമാണത്തിൽ കോഴിക്കോടും കേസ്. പേരാമ്പ്ര സബ് കോടതിയുടെ ഉത്തരവ് പ്രകാരം യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് ഷഹബാസ് വടേരി നൽകിയ പരാതിയിൽ മുഹമ്മദ് നിഹാൽ, ജറിൽ ബോസ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്.
നേരത്തെയും ഗുരുതര ആരോപണങ്ങളുമായി ഷഹബാസ് രംഗത്തെത്തിയിരുന്നു. കേസിൽ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് പങ്കുണ്ടെന്നാണ് നേരത്തെ ഷഹബാസ് വടേരി പൊലീസിന് മൊഴി നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഇക്കാര്യം അറിയാമെന്നും മൊഴിയിൽ പറയുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയായിരുന്നു ഷഹബാസ് മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഷഹബാസ് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചില ദേശീയ- സംസ്ഥാന നേതാക്കൾക്ക് വ്യാജ തിരിച്ചറിയൽ കാർഡിനെ കുറിച്ച് അറിയാമെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷഹബാസ് കോടതിയിൽ പോവുകയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ യൂത്ത് കോൺഗ്രസ് ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഈ പരാതികളെല്ലാം ഒരുമിച്ചാണ് തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് മ്യൂസിയം പൊലീസ് ഷഹബാസിനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയത്. മൊഴി നൽകിയതിനൊപ്പം തന്റെ കൈയിലുള്ള ചില തെളിവുകൾ കൂടി ഷഹബാസ് ഹാജരാക്കിയിരുന്നു. ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം നടത്തിയതും ചില സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും ഷഹബാസ് പറയുന്നു.