Kerala
Museum Police Station

മ്യൂസിയം പൊലീസ് സ്റ്റേഷന്‍

Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; പൊലീസിനെ വെട്ടിലാക്കിയത് യൂത്ത് കോൺഗ്രസിന്‍റെ നിസ്സഹകരണം

Web Desk
|
24 Nov 2023 1:25 AM GMT

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയായ വൈ.സി.ഇ.എ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുടെ സെർവറിലെ വിവരങ്ങൾ നൽകാത്തതാണ് തിരിച്ചടിയായത്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസിനെ വെട്ടിലാക്കിയത് യൂത്ത് കോൺഗ്രസിന്‍റെ നിസ്സഹകരണം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയായ വൈ.സി.ഇ.എ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുടെ സെർവറിലെ വിവരങ്ങൾ നൽകാത്തതാണ് തിരിച്ചടിയായത്. ഇതോടെ കോടതിയിൽ നിന്ന് രൂക്ഷവിമർശനമാണ് പൊലീസിന് നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം YCEA- യ്ക്ക് നോട്ടീസ് നൽകിയത്. യൂത്ത് കോൺഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് അവരുടെ സെർവറിലെ വിവരങ്ങൾ ശേഖരിക്കണമെന്നും അത് പൊലീസിന് കൈമാറണമെന്നുമായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടത്. മൂന്ന് ദിവസമായിരുന്നു നൽകിയ സമയപരിധി. അത് കഴിഞ്ഞു. ഇതോടെ പൊലീസ് പ്രതിസന്ധിയിലായി. പ്രതികളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഈ കാർഡുകൾ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചോ ഇല്ലയോ എന്ന് തെളിയിക്കണമെങ്കിൽ സെർവറിലെ വിവരങ്ങൾ ലഭിക്കണം. അത് ലഭിക്കാത്തതിനെത്തുടർന്ന് കോടതിയിൽ സമർപ്പിക്കാൻ വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് വ്യാജ കാർഡുകൾ നിർമിച്ചതിനുള്ള തെളിവുകൾ മാത്രം.

നിർമാണം മാത്രമേ തെളിയിക്കാൻ പൊലീസിനായുള്ളൂ. ഉപയോഗം തെളിയിക്കാനായില്ല എന്ന് ചുരുക്കം. പ്രതികളെ ചോദ്യം ചെയ്യാനെടുക്കുന്ന രണ്ട് ദിവസത്തിനുള്ളിൽ സെർവറിലെ ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിച്ച് ശക്തമായ കസ്റ്റഡി അപേക്ഷ നൽകാനുള്ള പൊലീസിന്‍റെ പദ്ധതിയാണ് ഇതോടെ പൊളിഞ്ഞത്.



Similar Posts