വ്യാജ തിരിച്ചറിയൽ കാർഡ് കേസ്:ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കൂടി പ്രതിചേർത്തു
|പ്രതികൾ മൊബൈൽ ഒളിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസ് കണ്ടെത്തൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കൂടി പ്രതി ചേർത്തു.യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയാണ് പ്രതി ചേർത്തത്. വ്യാജ കാർഡ് നിർമിക്കാൻ നാലാം പ്രതി വികാസ് കൃഷ്ണന് പണം നൽകിയെന്ന കണ്ടെത്തലിലാണ് നടപടി .
അതേസമയം,കേസിലെ പ്രതികളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചെന്ന് പൊലീസ്. പ്രതികളായ ഫെനി നൈനാനും ബിനിൽ ബിനുവിനും സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം. പ്രതികൾക്ക് സഞ്ചരിക്കാൻ രാഹുൽ കാർ നൽകി,പ്രതികൾ മൊബൈൽ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസ് കണ്ടെത്തൽ,
വ്യാജ കാർഡുകൾ ഉണ്ടാക്കാനുള്ള ആപ്പ് നിർമിച്ചതിൽ യൂത്ത് കോൺഗ്രസ് നേതാവ് കാസർകോട് തൃക്കരിപ്പൂർ സ്വദേശി ജെയ്സൺ തോമസിനും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡൻ്റായി ജെയ്സൺ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ജെയ്സൺ ഒളിവിലാണെന്നും പൊലീസ് പറയുന്നു .കേസിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി.