മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ്; ദേശാഭിമാനി ന്യൂസ് എഡിറ്ററെ സസ്പെൻഡ് ചെയ്തു
|ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിനെയാണ് സ്ഥാപനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ: നടി കവിയൂർ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ദിനപത്രത്തിൽ മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്പെൻഡ് ചെയ്തു.
ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിനെയാണ് സ്ഥാപനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കവിയൂർ പൊന്നമ്മ മരിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് മോഹൻലാലിന്റെ പേരിൽ അനിൽകുമാർ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത്. മോഹൻലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരിൽ എഴുതിയ കുറിപ്പിൽ ഗുരുതരമായ തെറ്റും കടന്നുകൂടിയിരുന്നു. മോഹൻലാലിന്റെ ജീവിച്ചിരിക്കുന്ന മാതാവിനെ മരിച്ചതായാണ് ഈ കുറിപ്പിൽ ചിത്രീകരിച്ചിരുന്നത്.
ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തിൽ "അമ്മ പൊന്നമ്മ" എന്ന തലക്കെട്ടിൽ മോഹൻലാൽ എന്ന പേരിൽ പ്രസിദ്ധീകരിച്ച അനുസ്മരണ ലേഖനത്തിൽ പറയുന്നത് ഇങ്ങനെ,
" രണ്ട് പ്രിയപ്പെട്ട അമ്മമാരിൽ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി, ഇതാ ഇപ്പോൾ അത്രമേൽ ആഴത്തിൽ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു... "
ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ദേശാഭിമാനി പത്രം ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ന്യൂസ് എഡിറ്റർ അനിൽകുമാറിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. ദേശാഭിമാനി ഫീച്ചർ ഡെസ്കിന്റെ ചുമതല ആയിരുന്നു എ.വി അനിൽകുമാർ വഹിച്ചിരുന്നത്