Kerala
മഹല്ലിന്റെ പേരിൽ വ്യാജ നോട്ടീസ്; വിദ്വേഷ പ്രചാരണത്തിൽ കേസെടുത്തു
Kerala

മഹല്ലിന്റെ പേരിൽ വ്യാജ നോട്ടീസ്; വിദ്വേഷ പ്രചാരണത്തിൽ കേസെടുത്തു

Web Desk
|
12 Nov 2022 2:25 AM GMT

പാലക്കാട് കറുകപുത്തൂർ മഹല്ല് കമ്മിറ്റിയുടെ പേരിലാണ് ആർ.എസ്.എസ്സുകാരന്റെ ഓഡിറ്റോറിയം ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ നോട്ടീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്

പാലക്കാട്: മഹല്ല് കമ്മിറ്റിയുടെ പേര് ദുരുപയോഗപ്പെടുത്തിയുള്ള വിദ്വേഷ പ്രചാരണത്തിൽ കേസെടുത്ത് പൊലീസ്. പാലക്കാട് കറുകപുത്തൂർ മഹല്ലിന്റെ പേരിലാണ് മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ ചാലിശ്ശേരി പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാട്ടിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കുകയാണ് വ്യാജപ്രചാരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.

ചാത്തനൂർ വെള്ളടിക്കുന്നിൽ പുതുതായി നിർമിച്ച 'രാജപ്രസ്ഥം' ഓഡിറ്റോറിയം ആർ.എസ്.എസുകാരന്റേതാണെന്നും അതു ബഹിഷ്‌ക്കരിക്കണമെന്നുമാണ് മഹല്ലിന്റെ പേരിൽ തയാറാക്കിയ വ്യാജ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ഇസ്‌ലാമിക പദാവലികളടക്കം നോട്ടീസിൽ തെറ്റായും അസ്ഥാനത്തും ഉപയോഗിക്കുകയും ചെയ്തിരുന്നു. സംഘ്പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചിപ്പിച്ച കത്ത് ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്തയാക്കുകയും ചെയ്തിരുന്നു.

കറുകപുത്തൂർ ജുമാമസ്ജിദിൽനിന്ന് അഞ്ച് കി.മീറ്റർ ദൂരത്താണ് ഓഡിറ്റോറിയം സ്ഥിതിചെയ്യുന്നത്. ഇത് മറ്റൊരു മഹല്ലാണെന്നുപോലും അറിയാത്തവരാണ് വ്യാജ നോട്ടീസ് തയാറാക്കിയിരിക്കുന്നതെന്ന് കറുകപുത്തൂർ മഹല്ല് പ്രസിഡന്റ് പറഞ്ഞു. അറബി ഭാഷ അറിയാത്തവരും ഇസ്‌ലാമിക പ്രയോഗങ്ങളെക്കുറിച്ചും പദാവലികളെക്കുറിച്ചും അറിവില്ലാത്തവരുമാണ് നോട്ടീസ് തയാറാക്കിയിരിക്കുന്നതെന്നും മഹല്ല് ഭാരവാഹികൾ ആരോപിച്ചു.

കറുകപുത്തൂർ കേന്ദ്ര മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പരാതിയിൽ മതസ്പർധ വളർത്തൽ എന്ന വകുപ്പ് ചുമത്തിയാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. നോട്ടീസ് തയാറാക്കിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മതസ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പരാതിക്കാർ.

Summary: Chalissery Police has registered a case against the hate campaign using fake notice in the name of Karukaputhur Mahallu Committee in Palakkad

Similar Posts