ഗസ്സ, ഹമാസ്, ഇസ്രായേല്‍: കളമശ്ശേരിയിൽ പൊളിഞ്ഞ നുണബോംബുകൾ
|രാവിലെ മുതല്‍ നാടിനെയൊന്നാകെ മുൾമുനയിൽ നിർത്തിയ, മലയാള മാധ്യമങ്ങള്‍ ഉള്‍പ്പെടെ കെട്ടിയുണ്ടാക്കിയ ഒരു 'ഭീകരക്കഥ' മണിക്കൂറുകൾ കൊണ്ട് ആവിയായിപ്പോകുന്നതിനു തത്സമയം സാക്ഷിയാകുകയായിരുന്നു ഇന്ന് കേരളം
കൊച്ചി കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനദിവസമായിരുന്നു ഇന്ന്. രാവിലെ 9.30. പ്രാർത്ഥനാഗീതം ആലപിക്കാൻ തുടങ്ങുന്നു. എല്ലാവരും കണ്ണടച്ചു പ്രാർത്ഥനയിൽ മുഴുകുമ്പോൾ പെട്ടെന്ന് ഹാളിന്റെ ഒത്തനടുവിൽനിന്ന് എല്ലാവരെയും ഞെട്ടിച്ച് ഉഗ്രസ്‌ഫോടനം. ഹാളിനകത്ത് തടിച്ചുകൂടിയിരുന്ന 2,000ത്തോളം വരുന്ന വിശ്വാസികൾ നാലുഭാഗത്തേക്കും ചിതറിയോടുന്നു. വീണ്ടും പൊട്ടിത്തെറികൾ. സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരണം വരുന്നു. നിരവധി പേർക്ക് പരിക്ക്, അതിൽ ചിലർ ഗുരുതരാവസ്ഥയിലും.
സമ്മേളനം തുടങ്ങി നാൽപതാം മിനിറ്റിലുണ്ടായ സ്‌ഫോടനം കേരളവും കടന്ന് രാജ്യമൊട്ടാകെ കാട്ടുതീ പോലെ പടരാൻ മിനിറ്റുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. മലയാള മാധ്യമങ്ങൾ വാർത്ത ബ്രേക്ക് ചെയ്യുമ്പോൾ ആദ്യം കേരളമൊന്നു നടുങ്ങി. എന്നാൽ, നിമിഷങ്ങൾക്കകം വാർത്തയുടെ ചിത്രം മാറി. പൊലീസ് സ്ഥിരീകരണം വരുംമുൻപ് തന്നെ ബോംബ് സ്‌ഫോടനം, ഭീകരാക്രമണം എന്നെല്ലാം മാധ്യമങ്ങൾ തന്നെ വിധിയെഴുതി. ഒട്ടും വൈകാതെ ഗസ്സ, ഫലസ്തീൻ, ഹമാസ്, ഇസ്രായേൽ, ജൂതന്മാർ... എന്നിങ്ങനെ മലയാള ചാനലുകൾ തന്നെ 'ഭീകരാക്രമണ'ത്തിന്‍റെ ആംഗിളുകളും നിശ്ചയിച്ചു ചർച്ച തുടങ്ങി.
ഫലസ്തീനിലേക്ക് വിരൽചൂണ്ടി മലയാള മാധ്യമങ്ങൾ
സ്‌ഫോടനത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുന്നു, എൻ.ഐ.എ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുന്നു. സംഭവത്തിന്റെ ചിത്രം ഒന്നുകൂടി ഭീകരമാകുകയാണ്. ഈ ഭീകരചിത്രം ഏറ്റുപിടിക്കുന്നു, മലയാളത്തിലെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റും ന്യൂസ് 18 കേരളയും. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് 'ദുരൂഹസാഹചര്യത്തിൽ' എന്നു പറഞ്ഞ് പൊലീസ് പരിശോധനയ്ക്കിടെ ഒരാളെ കസ്റ്റഡിയിലെടുത്തെന്ന വിവരം കശമശ്ശേരിയിലെ ചാനല്‍മത്സരങ്ങള്‍ക്കിടയിലേക്ക് ഹോട്ട് ബ്രേക്ക് ആയി എത്തിയത് അതിവേഗത്തിലാണ്. 'തൊപ്പിവച്ച' ഗുജറാത്ത് സ്വദേശിയുടെ ചിത്രം വച്ച് സ്‌ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് വാർത്ത ബ്രേക്ക് ചെയ്തു ന്യൂസ് 18.
ഫലസ്തീൻ-ഹമാസ് സംഭവങ്ങളെ തുടർന്ന് യഹോവ സാക്ഷികളെ ജൂതന്മാരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചതാകാമെന്ന് ഇന്റലിജൻസ് പറഞ്ഞതായി ന്യൂസ് 18 ഉൾപ്പെടെ മലയാള മാധ്യമങ്ങൾ വാർത്തകൾ പുറത്തുവിട്ടു. ഇസ്രായേൽ-ഹമാസ് യുദ്ധവുമായി കളമശ്ശേരി സ്‌ഫോടനത്തിനു ബന്ധമുണ്ടോ എന്നു കേന്ദ്രം പരിശോധിക്കുന്നുവെന്ന് ഏഷ്യാനെറ്റ്. കേരളത്തിൽ ഗുരുതരമായ സാഹചര്യമെന്ന് കേന്ദ്രം വിലയിരുത്തുന്നതായും തീവ്രവാദ ആക്രമണസാധ്യത പരിശോധിക്കുന്നതായും ചാനലിന്റെ കൂട്ടിച്ചേർക്കലും. യഹോവസാക്ഷികളെ ലക്ഷ്യംവച്ചത് ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെന്നു പൊലീസ് സംശയിക്കുന്നതായി മാതൃഭൂമി ന്യൂസ് സ്റ്റോറി.
റിപ്പോർട്ടർ ചാനൽ തലവനും കേരളത്തിലെ മുൻനിര മാധ്യമപ്രവർത്തകനുമായ നികേഷ് കുമാർ ഇസ്രായേൽ-ഫലസ്തീൻ യുദ്ധവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് തത്സമയ പരിപാടിയിൽ സംശയം ഉയർത്തി. പശ്ചിമേഷ്യൻ സാഹചര്യവുമായി സംഭവത്തെ ബന്ധിപ്പിക്കാമോ എന്ന് നികേഷ് തത്സമയ പരിപാടിയിൽ ഇടതു സഹയാത്രികനും മുൻ എം.പിയുമായ സെബാസ്റ്റ്യൻ പോളിനോട് ചോദ്യമെറിഞ്ഞു. യഹോവ സാക്ഷികളുടെ വിശ്വാസത്തിനു ജൂതന്മാരുമായി സാമ്യതയുണ്ടെന്നും യഹോവ സാക്ഷികളുടെയും യഹോവ ജൂതന്മാരുടെയും ദൈവം ഒന്നുതന്നെയാണെന്നും അവർ കൃസ്ത്യാനികളല്ലെന്നുമെല്ലാം സെബാസ്റ്റ്യന്‍ പോള്‍ തട്ടിവിടുന്നു. കേരളത്തിലെ ഫലസ്തീൻ അനുകൂല റാലികൾ എടുത്തുപറഞ്ഞ് നികേഷിന്റെ ചോദ്യത്തിനു ബലംനൽകിയും സ്‌ഫോടനത്തിനു ഫലസ്തീൻ അനുകൂല ഭീകരവാദ ഭാഷ്യം ചമയ്ക്കുകയായിരുന്നു അദ്ദേഹം.
ഇതേ വാദം ഏറ്റുപിടിച്ച് സംശയങ്ങളെന്ന വ്യാജേന വാര്‍ത്തകള്‍ പടച്ചുണ്ടാക്കി മറുനാടൻ മലയാളിയും ഷാജൻ സ്‌കറിയയും. 'ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി? ഹമാസ് പ്രേമി പിണറായിക്കു സുഖമല്ലേ? കളമശ്ശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്‌ഫോടനമോ?'-ഇങ്ങനെ പോകുന്നു ഷാജന്റെ 'നിഷ്കളങ്ക' ചോദ്യങ്ങളും സംശയങ്ങളും.
'ഭീകരവ്യാഖ്യാന'ങ്ങളുമായി ദേശീയമാധ്യമങ്ങളും സോഷ്യൽ മീഡിയയും
സംഭവം നടന്നു നിമിഷങ്ങൾക്കകം തന്നെ രോഹൻ ദുവാ എന്ന സംഘ്പരിവാർ അനുഭാവമുള്ള മാധ്യമപ്രവർത്തകൻ എക്‌സിൽ വാർത്ത ബ്രേക്ക് ചെയ്യുന്നുണ്ട്. 'കേരളത്തെ നടുക്കി ജൂതർ താമസിക്കുന്ന കളമശ്ശേരിയിൽ ആസൂത്രിതമായ നാല് സ്‌ഫോടനങ്ങൾ' എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഹമാസ് തലവൻ ഖാലിദ് മിഷ്അൽ മലപ്പുറത്ത് നടന്ന ഫലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് ഇതു സംഭവിക്കുന്നത് എന്നും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു.
രോഹന്റെ എക്‌സ് പോസ്റ്റും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 'ദ ന്യൂ ഇന്ത്യൻ' എന്ന സംഘ് പോർട്ടൽ പുറത്തുവിട്ട ദൃശ്യങ്ങളും അപ്പാടെ പകർത്തി രാജ്യത്തെ ഏറ്റവും പ്രമുഖമായ വാർത്താ ഏജൻസിയായ 'എ.എൻ.ഐ'. A day after Hamas leader’s virtual address, multiple explosions rock Kerala prayer meeting എന്ന തലക്കെട്ടോടെ ഏജൻസി തങ്ങളുടെ യൂട്യൂബ് ചാനലിലടക്കം സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഇതേ വ്യാഖ്യാനം അതേപടി ദേശീയ മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഹിന്ദുസ്ഥാൻ ടൈംസ്, ഡി.എൻ.എ, ഫസ്റ്റ്‌പോസ്റ്റ്, ഇന്ത്യ ഡോട്ട് കോം ഉൾപ്പെടെയുള്ള മാധ്യമങ്ങളെല്ലാം അക്കൂട്ടത്തിലുണ്ട്. നെറ്റ്‌വർക്ക് 18 എക്‌സിക്യൂട്ടീവ് എഡിറ്ററും ദേശീയ മാധ്യമരംഗത്തെ സെലിബ്രിറ്റി താരവുമായ രാഹുൽ ശിവശങ്കർ ഒരുപടി കൂടി കടന്നു. ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ ജമാഅത്ത് റാലിയിൽ പ്രതികാരാഹ്വാനം നടത്തിയെന്നും മണിക്കൂറുകൾ പിന്നിടുംമുൻപ് ക്രിസ്ത്യൻ പ്രാർത്ഥനാ ചടങ്ങിൽ സ്‌ഫോടന പരമ്പര നടക്കുന്നുവെന്നും എക്‌സിൽ കുറിച്ചു. കത്തോലിക്കാ സഭ ഹമാസ് ആക്രമണത്തിൽ നടത്തിയ പ്രതികരണവും ഇതോട് ചേർത്തുവച്ചു.
വീണുകിട്ടിയ 'സുവർണാവസരം' മുതലാക്കി സംഘ്പരിവാർ
ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ ഇതൊരു വീണുകിട്ടിയ 'സുവർണാവസരം' പോലെ ശരിക്കും മുതലാക്കി. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ ദേശീയ സെക്രട്ടറി അനിൽ ആന്റണിയും സന്ദീപ് വാര്യറും ഹിന്ദു ഐക്യവേദി നേതാക്കളായ ആർ.വി ബാബുവും ശശികലയുമെല്ലാം ഒട്ടുംവൈകിയില്ല, സംഭവത്തിന്‍റെ 'ദിശ' ചൂണ്ടിയായിരുന്നു ഇവരുടെ പരസ്യപ്രതികരണങ്ങള്‍.
ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചേര്‍ത്തായിരുന്നു രാജീവ് ചന്ദ്രശേഖർ എക്സ് പോസ്റ്റ്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണം കൂടിയാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങളിലൂടെ നിരപരാധികളായ ക്രിസ്ത്യാനികൾക്കുനേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടക്കുമ്പോള്‍ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രായേലിനെതിരേ പ്രതിഷേധിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലമാണ് കളമശ്ശേരി സ്‌ഫോടനമെന്ന് വി. മുരളീധരൻ. എൻ.ഐ.എയും എൻ.എസ്.ജിയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട്. കൂട്ടത്തില്‍ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ അന്വേഷിക്കണമെന്നൊരു ആവശ്യവും മന്ത്രിയുടെ വക.
കേരളത്തിൽ ആക്രമണങ്ങളും സ്‌ഫോടനങ്ങളുമെല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയൻ സർക്കാരിന്റെ വീഴ്ചയാണെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിൽ മതമൗലികവാദ സംഘടനങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും മുസ്‍ലിം ലീഗുമെല്ലാം ചേർന്ന് കേരളത്തെ നശിപ്പിക്കുകയാണെന്നും അനിൽ ആന്റണി. 'ഭീകരാക്രമണത്തിന്' ഉത്തരവാദികൾ സുരക്ഷാ വീഴ്ച വരുത്തിയ കേരള സർക്കാരും ഹമാസ് ഭീകരതയെ ഉളുപ്പില്ലാത്തെ ന്യയീകരിച്ച സി.പി.എം-കോൺഗ്രസ് നേതാക്കളുമാണെന്ന് സന്ദീപ് വാര്യർ. കളമശ്ശേരിയിലെ ഭീകരാക്രമണം അപ്രതീക്ഷിതമല്ലെന്നും കുന്തിരിക്കം വാങ്ങിവച്ചോളാൻ നേരത്തെ പറഞ്ഞതാണല്ലോയെന്നും വാര്യർ.
കേരളത്തിലെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ നിരോധിക്കാൻ ആവശ്യപ്പെടുകയാണ് ആർ.വി ബാബു ചെയ്തത്. ഈ സമ്മേളനങ്ങൾ ഉയർത്തിവിട്ട ഇസ്രായേൽ വിരുദ്ധ വികാരമാകാം യഹോവസാക്ഷികളുടെ സമ്മേളനത്തിലെ ബോംബ് സ്‌ഫോടനത്തിനു കാരണമെന്നും ഹമാസ് നേതാവിനെ പങ്കെടുപ്പിച്ച സമ്മേളനം മതവികാരം വളർത്താൻ കാരണമായിട്ടുണ്ടെന്നും ആർ.വി ബാബു തുടരുന്നു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ ഐക്യദാർഢ്യത്തെ സൂക്ഷിക്കാൻ കേരളത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു ശശികല.
പൊതുബോധത്തോട് ചേർന്ന് പാർട്ടി സെക്രട്ടറി
സംഘ്പരിവാർ നേതാക്കളുടെ മുതലെടുപ്പ് അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍, സ്‌ഫോടനത്തെ ഫലസ്തീൻ വിഷയവുമായി കൂട്ടിച്ചേർത്ത പൊതുബോധത്തോട് ചേർന്നുനിന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം ശരിക്കും ആശ്ചര്യകരമായി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''ലോകമെമ്പാടും ഫലസ്തീൻ ജനവിഭാഗങ്ങൾക്കൊപ്പം അണിനിരന്നു മുന്നോട്ടുപോകുമ്പോൾ, കേരള ജനത ഒന്നാകെ ഫലസ്തീൻ ജനതയ്ക്ക് ഒപ്പംനിന്നു പൊരുതുമ്പോൾ, അതിൽനിന്ന് ജനശ്രദ്ധ മാറ്റാൻ പര്യപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നിലപാട് സ്വീകരിക്കും.''
അതിനെതിരെ സർക്കാരും ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈയൊരു പശ്ചാത്തലത്തിലുള്ള സംഭവം ഭീകരപ്രവർത്തനത്തിന്റെ ഭാഗം തന്നെയാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കള്‍ നടത്തിയ സൂക്ഷ്മവും ജാഗരൂകവുമായ പ്രതികരണത്തില്‍നിന്നു വ്യത്യസ്തമായായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.
മാർട്ടിന്റെ വരവും ആവിയായിപ്പോയ കള്ളക്കഥകളും
രാവിലെ മുതൽ മാധ്യമങ്ങൾ മെനഞ്ഞുണ്ടാക്കിക്കൊണ്ടുവന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സംഘ്പരിവാർ നേതാക്കന്മാരുടെയും സോഷ്യൽ മീഡിയ ഹാന്‍ഡിലുകളിലെയും നുണക്കഥകളും പൊളിയാൻ അധികം സമയം വേണ്ടിവന്നില്ല. വൈകീട്ടോടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഒരാൾ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലെത്തുന്നു; പേര് ഡൊമിനിക് മാർട്ടിൻ. തെളിവുകൾ സഹിതം താൻ തന്നെയാണു കൃത്യം നടത്തിയതെന്നു വാദിച്ചു പൊലീസിൽ കീഴടങ്ങുകയായിരുന്നു എറണാകുളം തമ്മനം സ്വദേശിയായ മാർട്ടിൻ.
ഇതിനുശേഷവും വ്യാജപ്രചാരവേലകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും തുടർന്നു. മാധ്യമങ്ങൾക്കു മുന്നിലെത്തിയ പൊലീസ് മേധാവി മാർട്ടിന്റെ വെളിപ്പെടുത്തലിനെ അത്ര വലിയ കാര്യമല്ലെന്ന മട്ടിലാണ് അവതരിപ്പിച്ചത്. മറ്റ് അന്വേഷണങ്ങൾ തുടരുകയാണെന്നും വ്യക്തമാക്കി.
എന്നാൽ, കൃത്യത്തിനുള്ള ന്യായങ്ങൾ നിരത്തിയുള്ള മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ് പുറത്തുവരികയും സോഷ്യൽ മീഡിയ ഏറ്റുപിടിക്കുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യഹോവ പ്രസ്ഥാനം ദേശവിരുദ്ധരാണെന്നും അവരോടുള്ള കടുത്ത വിയോജിപ്പാണ് ഇത്തരമൊരു കൃത്യത്തിലേക്കു നയിച്ചതെന്നും മാർട്ടിൻ വിശദീകരിച്ചു. നിമിഷങ്ങൾക്കകം ഇയാളുടെ പോസ്റ്റും അക്കൗണ്ടും അപ്രത്യക്ഷമായി.
പിന്നാലെ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരണവും വന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് സ്ഥിരീകരണമെന്നും പ്രതിയുടെ കൈയിൽനിന്ന് പൊലീസിന് സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് ഉൾപ്പെടെ ലഭിച്ചതായും വിശദീകരണം വരികയായിരുന്നു. അങ്ങനെ, രാവിലെ മുതല്‍ നാടിനെയൊന്നാകെ മുൾമുനയിൽ നിർത്തിയ, മലയാള മാധ്യമങ്ങള്‍ ഉള്‍പ്പെടെ കെട്ടിയുണ്ടാക്കിയ ഒരു 'ഭീകരക്കഥ' മണിക്കൂറുകൾ കൊണ്ട് ആവിയായിപ്പോകുന്നതിനു തത്സമയം സാക്ഷിയാകുകയായിരുന്നു ഇന്ന് കേരളം.
Summary: From Malayalam Channels to National News Agency: Fake story bombs detonated in Kalamassery blast