Kerala
അണക്കപ്പാറ വ്യാജകള്ള് നിർമാണക്കേസ്; നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് ഐ.ബിയിലേക്ക് സ്ഥലം മാറ്റം
Kerala

അണക്കപ്പാറ വ്യാജകള്ള് നിർമാണക്കേസ്; നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് ഐ.ബിയിലേക്ക് സ്ഥലം മാറ്റം

Web Desk
|
4 Aug 2021 2:27 AM GMT

തന്ത്ര പ്രധാനമായ പോസ്റ്റുകളിൽ നിയമിക്കരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് പുതിയ ട്രാൻസ്ഫർ

പാലക്കാട് അണക്കപ്പാറയില്‍ വ്യാജകള്ള് നിർമ്മാണം പിടിക്കൂടിയ കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് തന്ത്ര പ്രധാന തസ്തികയിൽ നിയമനം. കുഴൽമന്ദം എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നും ട്രൻസ്ഫർ ചെയ്ത വൈ.സെയ്ദ് മുഹമ്മദ്, പി.ഷാജി എന്നീ ഉദ്യോഗസ്ഥരെയാണ് ആറു ദിവസത്തിനുള്ളിൽ എക്സൈസ് ഇന്റലിജൻസിലേക്ക് സ്ഥലം മാറ്റിയത്. സെയ്ദ് മുഹമ്മദിനെ തന്ത്ര പ്രധാനമായ ജോലികൾ ഏൽപ്പിക്കരുതെന്ന എക്സൈസ് കമ്മീഷണറുടെ ഉത്തരവ് നിലനിൽക്കെയാണ് ഐ.ബിയിലേക്കുള്ള സ്ഥലം മാറ്റം.

വ്യാജകള്ള് പിടിക്കൂടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കൂട്ട സ്ഥലം മാറ്റം നടന്നത്. 27 ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലം മാറ്റ ഉത്തരവിറക്കിയിരുന്നു. കുഴൽ മന്ദം എക്സൈസ് റെയ്ഞ്ച് ഓഫീസിൽ ജോലി ചെയ്തിരുന്ന പ്രീവന്റീവ് ഓഫീസർ പി.ഷാജിയെ ഒറ്റപ്പാലം റെയ്ഞ്ചിലേക്കും, വൈ.സെയ്ദ് മുഹമ്മദിനെ കൊല്ലംങ്കോട് റെയ്ഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാൽ ഒരാഴ്ചക്കുള്ളിൽ ഇരുവരെയും പാലക്കാട് ഡിവിഷനിലെ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലേക്ക് മാറ്റി അഡ്മിനിസ്ട്രേഷൻ വിഭാഗം എക്സൈസ് അഡീഷ്ണൽ കമ്മീഷണര്‍ ഉത്തരവിറക്കി.

വ്യാജകളള് നിർമ്മാണം ഉൾപെടെയുള്ള പ്രധാനപെട്ട കേസുകൾ രഹസ്യമായി അന്വേഷിക്കുന്ന ഇന്റലിജൻസ് ബ്യൂറോയിലേക്കാണ് നടപടി നേരിട്ടവരെ മാറ്റിയത്. ഉന്നത ഇടപെടൽ മൂലം വ്യാജകള്ള് നിർമ്മാണ ലോഭിയെ സഹായിക്കുവാനാണ് അസാധാരണ നടപടിയെന്നാണ് ഇതിനെതിരായി ഉയരുന്ന വിമർശനം. വേലന്താവളം എക്സൈസ് ചെക്ക്പോസ്റ്റിൽ ജോലി ചെയ്യുമ്പോൾ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സെയ്ദ് മുഹമ്മദ് . ഇയാളെ ചെക്ക്പോസ്റ്റുകളിലോ, തന്ത്ര പ്രധാനമായ പോസ്റ്റുകളിലോ നിയമിക്കരുതെന്ന് 2015 ഫെബ്രുവരി രണ്ടിന് എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഇത് നിലനിൽക്കെയാണ് ഇന്റലിജൻസ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്.

Related Tags :
Similar Posts