വ്യാജ വീഡിയോ വിവാദം; തെളിവുകൾ ശാസ്ത്രീയപരിശോധനക്ക് അയക്കും
|വീഡിയോയ്ക്ക് പിന്നിൽ രാഷ്ട്രീയപ്രേരിതമല്ലെന്ന വിവരം റിമാന്റ് റിപ്പോർട്ടിലില്ല
കൊച്ചി: തൃക്കാരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിച്ച കേസിലെ തെളിവുകൾ ശാസ്ത്രീയപരിശോധനയ്ക്കയക്കും. കേസിൽ അറസ്റ്റിലായ മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ലത്തീഫിന് വീഡിയോ നൽകിയത് നൗഫലാണെന്നാണ് പൊലീസ് പറയുന്നു. കേസിൽ എട്ടുപേരാണ് നിലവിൽ അറസ്റ്റിലായത്. നൗഫല്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, വീഡിയോ നിർമിച്ചതിന് പിന്നിൽ യു.ഡി.എഫാണെന്നായിരുന്നു സി.പി.എമ്മിന്റെ പ്രധാന ആരോപണം. എന്നാൽ ഇതിനെ കുറിച്ച് റിമാന്റ് റിപ്പോർട്ടിലില്ല. റിമാൻഡ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭിച്ചു.
വീഡിയോ പ്രചരിച്ചവരും കൈവശം വെച്ചവരുമാണ് ഇതുവരെ അറസ്റ്റിലായത്. അതേ സമയം വീഡിയോ ഉണ്ടാക്കിയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികൾക്കായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. നാളെ വോട്ടെണ്ണലിന് ശേഷമായിരിക്കും തെളിവുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കുന്നത്.