'ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കാൻ വന്നവരുടെ അനുയായിയാണ് കള്ളവോട്ടിന് പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ്'- റോജി എം. ജോൺ
|തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയിൽ ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആൽബിൻ എന്നയാൾ പിടിയിലായിരുന്നു
കൊച്ചി: തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമത്തിൽ സി.പി.എമ്മിനെതിരെ ആരോപണവുമായി റോജി എം. ജോൺ എം.എൽ.എ. ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കാൻ വന്നവരുടെ അനുയായിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചു പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവെന്ന് റോജി ആരോപിച്ചു. തൃക്കാക്കരയിലെ ജനം ഇതിനു മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
''അൽപം മുമ്പ് ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കാൻ വന്ന കുണ്ടന്നൂർ ജീടെ അനുയായിയാണ് തൃക്കാക്കരയിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച് പിടിക്കപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ്. വ്യാജ വിഡിയോ മുതൽ എന്തു തറവേലയും ചെയ്യുന്ന പാർട്ടിയുടെ പേരാണ് സി.പി.എം. തൃക്കാക്കരയിലെ ജനം ഇതിന് മറുപടി നൽകും...'' റോജി എം. ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ അറസ്റ്റിലായിരുന്നു. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയ ആൽബിൻ എന്നയാളാണ് പിടിയിലായത്. കള്ളവോട്ട് ചെയ്യാനെത്തിയ ആൽബിനെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. ഇയാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ടി.എം സഞ്ജു പ്രവാസിയാണെന്നാണ് വിവരം. സഞ്ജു നായർ എന്ന ഐഡന്റിറ്റി കാർഡ് കാണിച്ചതോടെയാണ് പ്രിസൈഡിങ് ഓഫീസർക്ക് സംശയം തോന്നിയത്. ഇയാൾ വോട്ടർപട്ടികയിലെ സഞ്ജു അല്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റ് തിരിച്ചറിഞ്ഞു. സഞ്ജു നായർ എന്ന പേരിലുള്ള വ്യാജ ഐഡന്റിറ്റി കാർഡാണ് ഇയാൾ കൊണ്ടുവന്നതെന്നാണ് വ്യക്തമാകുന്നത്. സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യു.ഡിഎഫിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.
നേരത്തെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാളെ പിടികൂടിയ സംഭവത്തിൽ യു.ഡി.എഫിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി എം. സ്വരാജ് രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കേരളത്തോട് മാപ്പുപറയണമെന്നും മത്സരിക്കാനുള്ള അർഹത യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നെന്നും സ്വരാജ് കുറ്റപ്പെടുത്തി. നാണവും മാനവും ഉണ്ടെങ്കിൽ, ജനാധിപത്യത്തോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Summary: "The DYFI leader who was caught trying for fake vote is a follower of those who taking classes on democracy," says Roji M. John MLA