കണ്ണൂരിലെ കള്ള വോട്ട്; വീഴ്ചയില്ലെന്ന് കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്
|പേരാവൂരിലേയും പയ്യന്നൂരിലെയും വീട്ടിലെ വോട്ടില്‍ വീഴ്ചയില്ലെന്നാണ് കണ്ടെത്തല്‍
കണ്ണൂര്‍: പേരാവൂരിലേയും പയ്യന്നൂരിലെയും വീട്ടിലെ വോട്ടില്‍ വീഴ്ചയില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരോപണമുന്നയിച്ച് യുഡിഎഫ് ആണ് വരണാധികാരിയായ കളക്ടര്‍ക്ക് പരാതി നല്‍കിയത്. വീട്ടിലെ വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നും നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പേരാവൂരില്‍ വോട്ടറും മകളും നിര്‍ദ്ദേശിച്ച ആളാണ് സഹായിച്ചതെന്നും പയ്യന്നൂരിലും വീഴ്ചയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ വോട്ട് ചെയ്തെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ ജില്ലാ കലക്ടര്‍ നടപടിയെടുത്തു. തിരുവനന്തപുരത്ത് മരിച്ചവരുടെ പേരില്‍ വോട്ടിനപേക്ഷിച്ചെന്ന ആരോപണവും കാസര്‍കോട് മണ്ഡലത്തിലെ കല്ല്യാശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതുമായും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. വീട്ടിലെ വോട്ടില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
വീട്ടില്‍ വോട്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയില്‍ ഇതുവരെ 1 ,42,799 പേരാണ് വോട്ടു ചെയ്തത്. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും.