വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്: വിദ്യ ഇന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരാവില്ല
|ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ ഇ മെയിൽ വഴിയാണ് പൊലീസിനെ അറിയിച്ചത്
കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സർക്കാർ കോളജിൽ ജോലി നേടിയ കേസിൽ എസ്.എഫ്.ഐ മുന് നേതാവായ കെ വിദ്യ ഇന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരാവില്ല. ഇന്ന് ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ നേരിട്ട് ഹാജരാവാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ ഇ മെയിൽ വഴിയാണ് പൊലീസിനെ അറിയിച്ചത്.
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജിൽ അധ്യാപികയായെന്നാണ് കേസ്. കരിന്തളം ഗവണ്മെന്റ് കോളേജിൻ്റെ പരാതിയിൽ ഈ മാസം 8 ന് നീലേശ്വരം പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് കരിന്തളം ഗവണ്മെന്റ് കോളേജിൽ പരിശോധന നടത്തി. പ്രിൻസിപ്പൾ ഇൻ ചാർജിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദ്യയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സ്വന്തം ഫോണിൽ നിന്നാണ് നിർമ്മിച്ചതെന്ന് വിദ്യ സമ്മതിച്ചതായി അഗളി പൊലീസ് ഇന്നലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റിന്റെ അസൽ അട്ടപ്പാടി ചുരത്തിൽ കീറി കളഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ നീലേശ്വരം പൊലീസ് പരിശോധിക്കും.