റബ്ബർ വിലതകർച്ച; സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിൽ
|വിലത്തകർച്ച, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന റബർമേഖലയിൽ ഇരുട്ടടിയായിരിക്കുകയാണ് ടയർ കമ്പനികളുടെ നിലപാട്
കോട്ടയം: വിലത്തകർച്ച മൂലം സംസ്ഥാനത്തെ ചെറുകിട റബർ വ്യാപാരികളും പ്രതിസന്ധിയിലാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ടയർ കമ്പനികൾ കുറഞ്ഞ വിലയ്ക്ക് റബ്ബർ സംഭരിക്കുന്നതാണ് പ്രധാനകാരണം. വിലത്തകർച്ച, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന റബർമേഖലയിൽ ഇരുട്ടടിയായിരിക്കുകയാണ് ടയർ കമ്പനികളുടെ നിലപാട്.
ഒരോ ദിവസവും സങ്കീർണമാകുകയാണ് സംസ്ഥാനത്തെ റബർ മേഖലയിലെ പ്രതിസന്ധി. സംസ്ഥാനത്തെ പ്രാദേശിക വിപണിയിൽ നിന്നും ഷീറ്റെടുക്കുന്നത് ടയർ കമ്പനി നിർത്തി. അസം, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് കമ്പനികൾ നിലവിൽ ഷീറ്റ് സംഭരിക്കുന്നത് .ചെറുകിട വ്യാപാരികളും റബർ കമ്പനികളുടെ നിലപാടിൽ വിഷമവൃത്തത്തിലാണ്.നിരവധി പേർ കച്ചവടം നിർത്തി. പ്രതിസന്ധിയുടെ ആഴം നാൽപ്പതു വർഷമായി റബർ ഷീറ്റ് വ്യാപാരം നടത്തുന്ന കോട്ടയം പാമ്പാടി സ്വദേശി കുഞ്ഞുഞ്ഞച്ചൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാകും .
പ്രാദേശിക വിപണി ഇല്ലാതായതിൽ കർഷകരും ആശങ്കയിലാണ്. സർക്കാർ തലത്തിൽ റബർ സംഭരിക്കാൻ ഇടപെടലുണ്ടായാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവുവെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.