ആദിവാസി യുവാവിനെതിരായ കള്ളക്കേസ്; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
|വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.
വയനാട്ടിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.
കാർ മോഷ്ടിച്ചു എന്നാരോപിച്ച് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ അംഗം കെ. ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയത്.
ഡ്രൈവിങ് അറിയാത്ത ദീപു, കാർ മോഷ്ടിക്കില്ലെന്നും പൊലീസിൻ്റേത് കള്ളക്കേസാണെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. കലക്ടർക്കും എസ്.പിക്കും പട്ടികജാതി കമ്മീഷനും പരാതി നൽകിയ കുടുംബം, ആദിവാസി വനിതാ പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു.
നീതി ലഭിച്ചില്ലെങ്കിൽ നിരാഹാര സമരമാരംഭിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. വിഷയത്തിൽ വിവിധ ആദിവാസി, മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ, യുവജനപ്രസ്ഥാനങ്ങളും വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ.