'പരാതി വ്യാജം, നൂറു ശതമാനം നിരപരാധി: മല്ലു ട്രാവലർ മീഡിയവണിനോട്
|''കേസുമായി ബന്ധപ്പെട്ട് സംസാരിക്കാൻ പേടിയാണ്. ജീവിത പ്രശ്നമാണ്. എന്റെ വായിൽ നിന്ന് എന്തെങ്കിലും വന്ന് കഴിഞ്ഞാൽ എന്നെ തന്നെ അത് ബാധിക്കും''
കൊച്ചി: സൗദി യുവതി നൽകിയ പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ഷാക്കിർ സുബ്ഹാന് ചോദ്യംചെയ്യലിനെത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഷാക്കിർ ഹാജരാവുന്നത്. യുവതിയുടേത് വ്യാജപരാതിയാണെന്നും നിയമപരമായി നേരിടുമെന്നും ഷാക്കിർ സുബ്ഹാൻ മീഡിയവണിനോട് പറഞ്ഞു.
'നൂറു ശതമാനം നിരപരാധിയാണ്. അത് ഞങ്ങൾക്ക് ഉറപ്പുണ്ട്. അത് കൊണ്ട് തന്നെ കേസിൽ പേടിക്കേണ്ട ആവശ്യം ഇല്ല. നിയമത്തിന് അതിന്റെതായ വഴികൾ ഉണ്ട്. അതിനാൽ ആ വഴി പോയെ പറ്റൂ. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. മൊഴി കൊടുക്കാനല്ല ഇവിടെ എത്തിയത്. ഇന്നാണ് നാട്ടിൽ വരുമെന്ന് പറഞ്ഞത്. എയർപോർട്ടിൽ വന്നു, ഇറങ്ങി, നേരെ സ്റ്റേഷനിൽ പോകുന്നു. അന്വേഷണവുമായി സഹകരിക്കും. എയർപോർട്ടിൽ ഇറങ്ങി നേരെ പോകുന്നത് സ്റ്റേഷനിലേക്കാണ്- മല്ലു ട്രാവലർ വ്യക്തമാക്കി.
'കേസുമായി ബന്ധപ്പെട്ട് സംസാരിക്കാൻ പേടിയാണ്. ജീവിത പ്രശ്നമാണ്. എന്റെ വായിൽ നിന്ന് എന്തെങ്കിലും വന്ന് കഴിഞ്ഞാൽ എന്നെ തന്നെ അത് ബാധിക്കും. സംസാരിക്കുമ്പോൾ ഒരു പതർച്ചയുണ്ട് എന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും. വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ അത് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പാക്കാൻ ഒരുപാട് പേർ ഉണ്ട്- മല്ലു ട്രാവലർ പറയുന്നു.
സൗദി പൗരയായ യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നത്. സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം എന്നും കോടതി നിർദേശം നൽകിയിരുന്നു. വിദേശത്തുള്ള സാക്കിർ കേരളത്തിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. തുടര്ന്നാണ് മല്ലു ട്രാവലർ കേരളത്തിലെത്തിയത്.