എയർപോർട്ടിലെ തെറ്റായ കോവിഡ് പരിശോധന ഫലം; യുവാവിന് ജോലി നഷ്ടമായി
|വർക്കല സ്വദേശി ഷാജന് ഷായുടെ ജീവിതമാർഗമാണ് വ്യത്യസ്തമായ കോവിഡ് ഫലങ്ങള്‍ കൊണ്ട് ഇല്ലാതായത്
മൂന്ന് കോവിഡ് ടെസ്റ്റുകള്‍.. അതില്‍ രണ്ടെണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവും. പ്രവാസി യുവാവിന് സൗദിയിലെ ജോലി നഷ്ടമായതാണ് ആത്യന്തിക ഫലം. വർക്കല സ്വദേശി ഷാജന് ഷായുടെ ജീവിതമാർഗമാണ് വ്യത്യസ്തമായ കോവിഡ് ഫലങ്ങള്‍ കൊണ്ട് ഇല്ലാതായത്.
കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസികളില്‍ ഒരാളാണ് ഷാജന്. ഏറെ നാളുകൾക്ക് ശേഷം തിരിച്ചുപോകാൻ തെളിഞ്ഞ വഴി കോവിഡ് പരിശോധനാ ഫലത്തിലെ അപാകത മൂലം അടഞ്ഞിരിക്കുകയാണ്. ഈ മാസം 15ന് ദുബൈയിലേക്ക് പോകുന്നതിന് ഷാജന് ഷാ 14ന് തിരുവനന്തപുരത്തെ സ്വകാര്യ ലാബില്‍ ടെസ്റ്റ് ചെയ്തതിന്റെ ഫലമാണിത്. 15ന് വിമാനത്താവളത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയനായി. പുറത്ത് ചിലവാകുന്നതിനേക്കാള്‍ അഞ്ചിരട്ടി തുകയാണ് ഈടാക്കിയത്. കിട്ടിയ ഫലത്തില്‍ സംശയം തോന്നിയ ഷാജന് പുറത്തെത്തി വീണ്ടും ടെസ്റ്റ് ചെയ്തു ഫലം വീണ്ടും നെഗറ്റീവ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിമാനത്താവളം അധികൃതര്‍ തയ്യാറായില്ല. അപ്പോഴേക്കും വിമാനം പറന്നകന്നിരുന്നു.
ഒന്‍പത് മാസമായി ഷാജന് നാട്ടിലെത്തിയിട്ട്. സ്ഥിരമായി ജോലിയുമില്ല വരുമാനവുമില്ല. മത്സ്യക്കച്ചവടം നടത്തിയാണ് വറുതിക്കാലം കഴിച്ചുകൂട്ടിയത്. തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കും അവിടെ 14 ദിവസം ക്വാറന്റൈന് ചെയ്ത ശേഷം സൗദിയിലെത്തി ജോലിയിൽ പ്രവേശിക്കാനുമായിരുന്നു പദ്ധതി. എന്നാൽ പരിശോധനാ ഫലത്തിലെ അവ്യക്തത മൂലം യാത്ര മുടങ്ങി. ബാധ്യതകളില്‍ മുങ്ങിയ ജീവിതം തിരികെപ്പിടിക്കാന്‍ കിട്ടിയ അവസാന കച്ചിത്തുരുമ്പും നഷ്ടമായതോടെ ഇനിയെന്ത് എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ ചെറുപ്പക്കാരനും കുടുംബവും.