Kerala
വിവാഹ വാഗ്ദാനം നല്‍കി പീഡനം: വിവരങ്ങള്‍ മറച്ചുവെച്ചെന്ന് തെളിയിച്ചാലേ കേസ് നിലനില്‍ക്കൂ എന്ന് ഹൈക്കോടതി
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം: വിവരങ്ങള്‍ മറച്ചുവെച്ചെന്ന് തെളിയിച്ചാലേ കേസ് നിലനില്‍ക്കൂ എന്ന് ഹൈക്കോടതി

Web Desk
|
6 April 2022 2:24 AM GMT

ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതുകൊണ്ടു മാത്രം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് കോടതി

ശാരീരിക ബന്ധം പുലർത്തിയതിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ പേരിൽ മാത്രം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ശരിയായ വിവരങ്ങൾ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതി നേടിയതെന്ന് വ്യക്തമായാൽ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ ഇടുക്കി സ്വദേശി നല്‍കിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജീവപര്യന്തം തടവ് കോടതി റദ്ദാക്കി.

ബന്ധുവായ യുവതിയുമായി 10 വര്‍ഷത്തോളം പ്രതി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കിയത്. പ്രതി അറസ്റ്റിലായി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

ബലപ്രയോഗത്തിലൂടെയായിരുന്നു ശാരീരികബന്ധം എന്ന പരാതി യുവതി ഉന്നയിച്ചിരുന്നില്ല. സ്ത്രീധനമില്ലാതെ വിവാഹം നടത്താൻ പ്രതിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ലെന്നു പ്രോസിക്യൂഷന്‍റെ വാദത്തിലുണ്ടായിരുന്നു. യുവതിയെ പ്രതി കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നെന്നും വീട്ടുകാരുടെ എതിർപ്പുമൂലം വാഗ്‌ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണെന്നും ഇതിനെ വ്യാജവാഗ്‌ദാനമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതി വ്യാജ വിവാഹവാഗ്‌ദാനം നൽകിയെന്നോ വസ്തുതകൾ മറച്ചുവച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടെന്നോ പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നും ആ നിലയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

Summary- Rape On False Promise Of Marriage Can't Be Presumed Merely Because Accused Married Another Woman After Sex With Prosecutrix- Kerala High Court

Similar Posts