ബൈത്തുസ്സക്കാത്തിനെതിരെ വ്യാജ പ്രചാരണം; അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ വിധി
|കോഴിക്കോട് രണ്ടാം മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്
ബൈത്തുസ്സക്കാത്ത് കേരളക്കെതിരെ ഫെയ്സ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ പ്രവാസിക്ക് പിഴ. ബൈത്തുസകാത്ത് ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ അഞ്ചു ലക്ഷം രൂപയും കോടതി ചിലവും ഒമാനിലെ പ്രവാസി ഹമീദ് കാരാടന്‍ അടക്കണമെന്ന് കോഴിക്കോട് രണ്ടാം മുന്‍സിഫ് കോടതി ഉത്തരവിട്ടു.
2020 മെയ് രണ്ടിനാണ് ബൈത്തുസക്കാത്തിന്‍റെ ലോഗോ ഉള്‍പ്പെടുത്തി സക്കാത്ത് കൊള്ളക്കെതിരെ ഫെയ്സ്ബുക്ക് ലൈവില്‍ എന്ന തലക്കെട്ടോടു കൂടി ഹമീദ് കാരാടന്‍ പോസ്റ്റർ ഇട്ടത്. മെയ് മൂന്നിന് ഫെയ്സ്ബുക്കില്‍ ലൈവില്‍ വന്ന ഹമീദ് സംഘടിത സകാത്ത് വിതരണത്തില്‍ അഴിമതി നടന്നെന്ന പ്രചാരണം നടത്തുകയും ചെയ്തു.
തങ്ങളുടെ ലോഗോ ഉപയോഗിച്ച് നടത്തിയ വസ്തുതാ വിരുദ്ധ പ്രചരണം ബൈത്തുസകാത്തിനെക്കുറിച്ച് അപകീർത്തിപരത്താനുള്ള ബോധപൂർവമായ ശ്രമമായിരുന്നുവെന്നാണ് ബൈത്തുസക്കാത് കോടതിയില് വാദിച്ചത്. ഇത് അംഗീകരിച്ചാണ് നഷ്ടപരിഹാരത്തുകയും കോടതി ചിലവും മുന്‍സിഫ് കോടതി വിധിച്ചത്. അഡ്വ. അമീന്‍ ഹസ്സനായിരുന്നു ബൈത്തുസക്കാത്തിന്‍റെ അഭിഭാഷകന്‍. ഹമീദ് കാരാടനെതിരെ അപകീർത്തിക്ക് ക്രിമിനൽ കേസും നിലവിലുണ്ട്.