തനിക്കെതിരെ മുന്‍പും അസത്യ പ്രചരണം നടന്നിട്ടുണ്ട്; വിവാദത്തിന് താല്പര്യമില്ലെന്ന് ഗണേഷ് കുമാര്‍
|സ്വത്ത് കാര്യത്തിലും സത്യവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ല
കേരള കോൺഗ്രസ് ബിക്ക് രണ്ടാം ടേം മന്ത്രി സ്ഥാനം നൽകിയത് എൽ.ഡി എഫാണെന്നും അതിൽ പാർട്ടിയ്ക്ക് പൂർണ്ണ സംതൃപ്തിയാണുള്ളതെന്നും കെ.ബി ഗണേഷ് കുമാര്‍. തനിക്കെതിരെ ഇതിന് മുൻപും അസത്യ പ്രചാരണം നടന്നിട്ടുണ്ട് .അതുപോലെയാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങളും. സ്വത്ത് കാര്യത്തിലും സത്യവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ല .മരിച്ചു പോയ അച്ഛനെയും കുടുംബത്തിനെയും വിവാദത്തിൽ വലിച്ചിഴക്കാൻ താല്പര്യപ്പെടുന്നില്ലെന്നും ഗണേഷ് കുമാർ മീഡിയ വണിനോട് പറഞ്ഞു.
ഇടതു മുന്നണിയുടെ ആദ്യഘട്ട ചർച്ചകളിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പേരുകളിൽ ഒന്നായിരുന്നു ഗണേഷിന്റേത്. എന്നാൽ രണ്ടാം ടേമിലേക്ക് ഗണേഷിനെ മാറ്റി നിർത്തിയതിനു പിന്നിൽ വിൽപത്രവും ആയി ബന്ധപ്പെട്ട പരാതി എന്നാണ് സൂചന. ആർ ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേശന്റെ സഹോദരി ഉഷാ മോഹൻദാസ് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയെ കണ്ടത്. രേഖകളിൽ ഗണേശ് കൃത്രിമം കാട്ടി എന്ന പരാതി ഉന്നയിക്കുകയും ചെയ്തു. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണൻ മുന്നിലും അവതരിപ്പിച്ചു. ഗണേഷ് കുമാറിന്റെ പേര് മാത്രം വില്‍പ്പത്രത്തില്‍ കണ്ടതാണ് ഉഷയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് സംശയത്തിന് കാരണം. മെയ് 15നാണ് ഇവര്‍ കോടിയേരിയെ കണ്ടത്.