Kerala
കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തതിനാൽ ഒറ്റപ്പെടുത്തി;വയനാട്ടിലെ ആർടിഒ ജീവനക്കാരിയുടെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയെന്ന് കുടുംബം
Kerala

'കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തതിനാൽ ഒറ്റപ്പെടുത്തി';വയനാട്ടിലെ ആർടിഒ ജീവനക്കാരിയുടെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയെന്ന് കുടുംബം

Web Desk
|
6 April 2022 8:57 AM GMT

ബുദ്ധിമുട്ടേറിയ ഫയലുകൾ കൈകാര്യം ചെയ്യാൻ കൊടുത്തിരുന്നതായും ചിലത് കാണാതിരുന്നതായും കുടുംബം

വയനാട് മാനന്തവാടിയിൽ ആർടിഒ ജീവനക്കാരി സിന്ധു പി.എ (45) ആത്മഹത്യ ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. എല്ലാവരും കൈക്കൂലി വാങ്ങുമ്പോൾ വിശ്വാസിയായ സിന്ധു കൂട്ടുനിൽക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് ഇവർ ഭയപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൾ കുറ്റപ്പെടുത്തി. ഓഫീസിൽ ഉദ്യോഗസ്ഥർ തന്നെ ഒറ്റപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം പറഞ്ഞു. ബുദ്ധിമുട്ടേറിയ ഫയലുകൾ കൈകാര്യം ചെയ്യാൻ കൊടുത്തിരുന്നതായും ചിലത് കാണാതിരുന്നതായും കുടുംബം പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ ഓഫീസിൽ നിന്നെത്തിയാൽ ദുഃഖിതയായിരുന്നതായും അവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ച് പരാതി പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. എന്നാൽ സിന്ധുവിന്റെ കുടുംബത്തിന്റെ ആരോപണം ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണ നിഷേധിച്ചു. വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് അവരുടെ സഹോദരൻ പറഞ്ഞതെന്നും സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ സിന്ധുവും പരാതി നൽകിയിട്ടില്ലെന്നും ഇന്നലെ ചിരിച്ച് കൊണ്ടാണ് ഓഫീസിൽ നിന്ന് മടങ്ങിയതെന്നും വ്യക്തമാക്കി. ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.

ഇന്ന് രാവിലെ എട്ട് മണിക്കാണ് സിന്ധുവിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്‌ ഭിന്നശേഷിക്കാരിയായ സിന്ധു.


Family says mystery behind Wayanad RTO employee's suicide

Similar Posts